കേരളം

kerala

ETV Bharat / state

'മുതിര്‍ന്ന നേതാക്കള്‍ പാലം വലിച്ചു'; കെ.പി.സി.സി മേഖല കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പുറത്ത് - കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.

മേഖല കമ്മിറ്റികളുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിക്കാന്‍ വിദഗ്‌ധരെ ചുമതലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കെ.പി.സി.സി.

യുവാക്കള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ പാലം വലിച്ചു  കെ.പി.സി.സി മേഖല കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പുറത്ത്  Senior leaders worked against youth members in congress  KPCC zonal committee report  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  കെ.പി.സി.സി മേഖല കമ്മിറ്റി  കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.  kpcc president k sudhakaran
'യുവാക്കള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ പാലം വലിച്ചു'; കെ.പി.സി.സി മേഖല കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പുറത്ത്

By

Published : Aug 24, 2021, 5:14 PM IST

തിരുവനന്തപുരം :തലമുറമാറ്റം ലക്ഷ്യംവച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 50 ശതമാനം യുവാക്കള്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ സ്ഥാനാര്‍ഥി മോഹികളായ മുതിര്‍ന്ന നേതാക്കള്‍ പാലം വലിച്ചെന്ന് കെ.പി.സി.സി മേഖല കമ്മിറ്റികളുടെ റിപ്പോര്‍ട്ട്.

അഞ്ച് മേഖല കമ്മിറ്റികളും റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്‍റിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സൂക്ഷ്‌മമായി പഠിക്കാന്‍ വിദഗ്‌ധരെ ചുമതലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.

പാര്‍ട്ടിയിലെ അച്ചടക്കത്തിന് ശുപാര്‍ശ

മേഖല സമിതി അംഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ വ്യക്തത തേടാനും കെ.പി.സി.സി പ്രസിഡന്‍റ് തീരുമാനിച്ചു.

നെടുമങ്ങാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ് പ്രശാന്തിനെ പരാജയപ്പെടുത്താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ മുതിര്‍ന്ന നേതാവ് ശ്രമിച്ചെന്ന് കെ.എ ചന്ദ്രന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും മികച്ച സ്ഥാനാര്‍ഥികളായിട്ടും പാര്‍ട്ടി താഴെ തട്ടില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു. പല ബൂത്ത് കമ്മിറ്റികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല.

പാറശാല, നെയ്യാറ്റിന്‍കര, അരുവിക്കര എന്നിവിടങ്ങളില്‍ സംഘടനാസംവിധാനത്തിന്‍റെ പരാജയം വന്‍ തോല്‍വിക്ക് കാരണമായി. പരമ്പരാഗത വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായതും തിരിച്ചടിച്ചു.

പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം ശക്തമാക്കണമെന്ന് എല്ലാ മേഖല കമ്മിറ്റികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തിലെ പല മണ്ഡലങ്ങളിലും കെ.പി.സി.സി ഭാരവാഹികളായ നേതാക്കള്‍ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.

മാറ്റിവയ്ക്കണം ഗ്രൂപ്പ് താത്‌പര്യം

ഭാരവാഹികളെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിച്ചു. നേതാക്കള്‍ക്ക് പാര്‍ലമെന്‍ററി വ്യാമോഹം എന്നതിനപ്പുറം സംഘടനയെ ചലിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നില്ല.

ഗ്രൂപ്പ് താത്‌പര്യം നോക്കി കെ.പി.സി.സി ഭാരവാഹികളെ നിയമിക്കുന്നത് പരാജയത്തിനുള്ള കാരണമാണ്. യോഗ്യത മാത്രമേ കെ.പി.സി.സി ഭാരവാഹികളുടെ നിയമനത്തില്‍ മാനദണ്ഡമാക്കാന്‍ പാടുള്ളൂ. ഗ്രൂപ്പ് താത്പര്യം മാറ്റിവച്ച് ജനകീയാടിത്തറയുള്ളവരെ നേതൃനിരയിലെത്തിക്കണം.

സംഘടന അച്ചടക്കം സജീവമാക്കുന്നതിന് പാര്‍ട്ടി സ്‌കൂളുകള്‍ സജീവമാക്കണം. പാര്‍ട്ടി ഫണ്ട് പിരിവില്‍ സുതാര്യത ഉറപ്പാക്കണം. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനത്തിനും ഏകീകൃത സ്വഭാവമുണ്ടാക്കണമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

സ്ഥാനാര്‍ഥികളായിരുന്നവര്‍ കൂട്ടമായി പരാതി നല്‍കിയതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം പഠിയ്‌ക്കാന്‍ അഞ്ച് മേഖല കമ്മിറ്റികളെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ നിയമിച്ചത്.

അഞ്ച് മേഖല കമ്മിറ്റികള്‍ ഇങ്ങനെ

തിരുവനന്തപുരം, കൊല്ലം : കെ.എ.ചന്ദ്രന്‍ (ചെയര്‍മാന്‍), ടി.വിചന്ദ്രമോഹന്‍, ടി.എസ് സലിം.

ആലപ്പുഴ, കോട്ടയം, എറണാകുളം : വി.സി.കബീര്‍(ചെയര്‍മാന്‍), പുനലൂര്‍ മധു, ഖാദര്‍ മാങ്ങാട്.

തൃശൂര്‍, ഇടുക്കി പത്തനംതിട്ട : പി.ജെ.ജോയി(ചെയര്‍മാന്‍), വി.ആര്‍. പ്രതാപന്‍, ആര്‍.എസ്.പണിക്കര്‍.

കോഴിക്കോട്, മലപ്പുറം, പാലക്കാട് : കെ.മോഹന്‍കുമാര്‍(ചെയര്‍മാന്‍), എം.എ.ചന്ദ്രശേഖരന്‍, അയിര ശശി കണ്ണൂര്‍.

കാസര്‍ഗോഡ്, വയനാട് : കുര്യന്‍ ജോയ്(ചെയര്‍മാന്‍), ആജയ് തറയില്‍, എം.സി.ദിലീപ്‌ കുമാര്‍.

ALSO READ:സുധാകരന്‍ ഡല്‍ഹിക്ക്, ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും തഴഞ്ഞ് ഹൈക്കമാന്‍ഡ് മുന്നോട്ട്

ABOUT THE AUTHOR

...view details