തിരുവനന്തപുരം : പ്രായപരിധിയുടെ പേരില്‍ പാര്‍ട്ടിയില്‍ വേട്ടയാടപ്പെടാന്‍ താന്‍ നിന്നുകൊടുക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. സിപിഐ സംസ്ഥാന സമ്മേളനം സെപ്‌റ്റംബര്‍ 30ന് തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലവിലെ പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് സി ദിവാകരന്‍ രംഗത്തെത്തിയത്. സിപിഐ സമ്മേളനങ്ങളില്‍ നടപ്പാക്കിയ പ്രായപരിധി വെറും മാര്‍ഗരേഖ മാത്രമാണെന്നും തീരുമാനമല്ലെന്നും ദിവാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
75 വയസ് കഴിഞ്ഞവര്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പാടില്ലെന്ന തീരുമാനം സിപിഐയുടെ ദേശീയ കൗണ്‍സില്‍ എടുത്തിട്ടില്ല. അത് ചിലരെ ഒഴിവാക്കാനാണെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. പ്രായപരിധിയുടെ പേരില്‍ വേട്ടയാടപ്പെടാന്‍ താന്‍ നിന്നുകൊടുക്കില്ല. 100 വയസായാലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ തനിക്കറിയാം. പ്രായപരിധി സര്‍ക്കാര്‍ സര്‍വീസിലുള്ള കാര്യമാണ്. പക്ഷേ പാര്‍ട്ടിയില്‍ അത് നല്ല സമീപനമല്ലെന്നും സി ദിവാകരന്‍ വിമര്‍ശിച്ചു.
വേണ്ടത് വെളിയം ഭാര്‍ഗവനെ പോലെയുള്ള നേതാക്കള്‍ :''എന്നെ മൂലയ്ക്കിരുത്താന്‍ ആര് വിചാരിച്ചാലും നടക്കില്ല. അതിനാരും സിപിഐയില്‍ ജനിച്ചിട്ടില്ല, ഇനി ജനിക്കുകയുമില്ല. സിപിഐക്ക് നട്ടെല്ലും തലയെടുപ്പും വേണ്ടേ എന്ന് ചോദിക്കുന്നവരുണ്ട്.
വെളിയം ഭാര്‍ഗവന്‍ ശക്തമായ നിലപാടാണ് എല്‍ഡിഎഫില്‍ സ്വീകരിച്ചിരുന്നത്. അത് നടക്കില്ല വിജയാ എന്ന് പിണറായി വിജയന്‍റെ മുഖത്തുനോക്കി അദ്ദേഹം പറയുമായിരുന്നു. അതുപോലെയുള്ള നേതാക്കള്‍ സിപിഐയില്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.