തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്. തീപിടിത്തത്തെ കുറിച്ച് എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന്‍റെ നിഗമനങ്ങളും ഇതു സംബന്ധിച്ച് സംഘം തയ്യാറാക്കിയ അനിമേഷന്‍ വീഡിയോയും പുറത്തു വിട്ടാണ് പൊലീസ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് തള്ളുന്നത്. സാഹചര്യ തെളിവുകള്‍ പ്രകാരം തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് വിദഗ്‌ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് തീപിടിത്തം; ഫോറൻസിക് റിപ്പോർട്ട് തള്ളി പൊലീസ്
അന്വേഷണ സംഘത്തിന്‍റെ നിഗമനങ്ങളും ഇതു സംബന്ധിച്ച് സംഘം തയ്യാറാക്കിയ അനിമേഷന്‍ വീഡിയോയും പുറത്തു വിട്ടാണ് പൊലീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളുന്നത്.
തീപിടിത്തമുണ്ടായ ഭാഗത്തു സ്ഥാപിച്ചിരുന്ന പഴക്കം ചെന്ന ഫാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അമിതമായി ചൂടുപിടിച്ചു. അപ്രകാരം അതിനുള്ളിലെ പ്ലാസ്റ്റിക് ഉരുകി 80 സെന്‍റീമീറ്റര്‍ താഴെ ഫെല്‍ഫിനു മുകളില്‍ വച്ചിരുന്ന പേപ്പറില്‍ വീഴുകയും പേപ്പറുകള്‍ കത്തി തീപിടിത്തമുണ്ടാകുകയുമായിരുന്നു. അങ്ങനെയായിരിക്കാം തീപിടിത്തമുണ്ടായതെന്ന് അനുമാനിക്കുന്നു. പൂര്‍ണമായി കത്തി നശിച്ച ഫാനിന്‍റെ എം.സി.ബി ട്രിപ്പായ നിലയിലാണ്. ഫാനിലേക്കുള്ള കണക്ഷന്‍ വയറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ ഇത്തരത്തില്‍ എം.സി.ബി ട്രിപ്പാകാമെന്ന് വിദഗ്‌ധര്‍ പറയുന്നു.
ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും സംശയകരമായ വസ്‌തുതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടന്നിടത്ത് മദ്യാംശമുള്ള മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്ന ഫോറന്‍സിക് വാദവും പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ചത് സാനിറ്റൈസറിന്‍റെ ഒഴിഞ്ഞ കുപ്പികളാണ്. ശാസ്ത്രീയ പരിശോധന നടത്തിയതില്‍ ഈ കുപ്പികളില്‍ നിന്ന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. സംശയകരമായ സാഹചര്യങ്ങളൊന്നുമില്ലെന്നും പൊലീസ് തയ്യാറാക്കിയ നിഗമനങ്ങളിലുണ്ട്.