തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സ്ഥലത്തെത്തി. തീപിടിത്തം ഉണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന നടത്തുന്നത്. സ്പെഷ്യൽ ബ്രാഞ്ച് എസ്.പി അജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തുന്നത്. തീപിടിത്തത്തിന് കാരണം, അട്ടിമറി സാധ്യത തുടങ്ങിയവയാണ് പ്രത്യേകസംഘം പരിശോധിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ പ്രത്യേക സംഘം പരിശോധിക്കുന്നു - പ്രോട്ടോക്കോൾ വിഭാഗം
ഇന്നലെ തീപിടിത്തമുണ്ടായ സ്ഥലത്ത് എഡജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു
ഫോറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രത്യേക സംഘത്തിന്‍റെ പരിശോധന. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിൽ സ്ഥിരീകരണത്തിനായാണ് പരിശോധന നടത്തുന്നത്.
പൊലീസ് തലത്തിലുള്ള അന്വേഷണം കൂടാതെ ഉദ്യോഗസ്ഥ തലത്തിലുള്ള അന്വേഷണ സംഘത്തേയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിയോഗിച്ചിട്ടുണ്ട്. അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് ഇതിനായി ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയത്. തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള ഉദ്യോഗസ്ഥ സംഘവും പരിശോധിക്കുക.