തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് തീപിടിത്തത്തിന്‍റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ടത്. ഇന്ന് രാവിലെ 7:55 ഓടെയാണ് തീപിടിത്തമുണ്ടായത്.
നോർത്ത് സാൻവിച്ച് ബ്ലോക്കിന്‍റെ മൂന്നാം നിലയിലെ വ്യവസായ മന്ത്രി പി രാജീവിന്‍റെ ഓഫിസിനോട് ചേർന്നാണ് അഗ്‌നിബാധ ഉണ്ടായത്. രാവിലെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 8:15 ഓടെ സെക്രട്ടേറിയറ്റിലെ ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു.
അപകട സമയത്ത് ചെങ്കൽച്ചൂളയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് വാഹനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തത്തിൽ ഓഫിസിന്‍റെ സീലിംഗും കർട്ടനുമാണ് കത്തി നശിച്ചത്. ഫയലുകൾ കത്തിയിട്ടില്ല. അതേസമയം തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെ ഫയലുകൾ നനഞ്ഞിട്ടുണ്ടെന്നാണ് വിവരം.