തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങൾക്ക് നേരിടുന്ന സൈബർ ആക്രമണം അവസാനിപ്പിക്കാന്‍ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി എൽജിബിടിക്യു അംഗങ്ങൾ (Secrateriate March of LGBTQ Members ). ട്രാൻസ്ജെൻഡർ സംവരണ സീറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനം മുടക്കുന്ന തരത്തിൽ സൈബർ ബുള്ളിയിങ് നടത്തുന്നതും, ഫേക്ക് ഐഡികളിലൂടെ അപമാനിക്കുന്നതും വർദ്ധിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി എൽജിബിടിക്യു രംഗത്തെത്തിയത്.
വിവിധ സംഘടനകൾ പ്രചരിപ്പിക്കുന്ന ക്വിയർ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ നടപടികൾ ഉണ്ടാകുന്നില്ല. ഇത്തരക്കാരുടെ വാദങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, രംഗത്ത് വരണമെന്നും എൽജിബിടിക്യു അംഗങ്ങൾ ആവശ്യപ്പെട്ടു.