തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയ കേരളം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് 100 സീറ്റുകളുമായി ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയനും സംഘവും. പക്ഷേ സർക്കാരിന്‍റെ വീഴ്‌ചകൾ തുറന്നുകാട്ടി സമര പ്രക്ഷോഭങ്ങളുമായി പ്രതിപക്ഷവും ശക്തമായി രംഗത്തുണ്ട്.
12 മാസം സമരക്കടല്‍:പ്രളയം, കൊവിഡ് മഹാമാരി അടക്കമുള്ള വലിയ പ്രതിസന്ധികൾ അതിജീവിച്ച് അധികാരത്തിലേറിയ പിണറായി വിജയൻ വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചാണ് രണ്ടാം ടേം തുടങ്ങിയത്. കേരളത്തിന്‍റെ വികസന ഭൂപടത്തിലെ നിർണായക തുടക്കമെന്ന് ആവർത്തിച്ച് പറഞ്ഞാണ് സില്‍വർ ലൈൻ പദ്ധതിക്ക് തുടക്കമിട്ടത്. പക്ഷേ പദ്ധതിയുടെ പ്രാരംഭ നടപടികൾ അടക്കം വിവാദത്തിലായതോടെ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്ത് എത്തി.
സിൽവർ ലൈൻ കല്ലിടലാണ് ഈ കാലയളവിൽ സർക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിഷേധം. കല്ലിടൽ നടപടി ഊർജിതമാക്കിയതോടെ സംസ്ഥാനം പ്രതിഷേധത്തില്‍ മുങ്ങി. സമരത്തിന് നേരെ നടന്ന പൊലീസ് നടപടികളും ഏറെ വിമർശിക്കപ്പെട്ടു. സമരം ശക്തമായതോടെ സർവേ ജിപിഎസ് വഴിയാക്കി വിവാദങ്ങളിൽ നിന്ന് താത്കാലികമായി സർക്കാർ തലയൂരുകയാണ് ഉണ്ടായത്.
ആനവണ്ടിയും തീരാക്കടങ്ങളും: കെഎസ്ആർടിസി ശമ്പള വിതരണവും സമരങ്ങളുമാണ് ആദ്യ വർഷം സർക്കാരിനെ വെട്ടിലാക്കിയ മറ്റൊരു സംഭവം. ശമ്പളം മുടങ്ങിയതോടെ പണിമുടക്കുകളും തുടർകഥയായി. എന്നാൽ 200 കോടി അനുവദിച്ച് ഒന്നാം പിറന്നാള്‍ ദിനത്തിൽ ശമ്പള വിതരണ നടപടികള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതോടെ കെഎസ്ആർടിസി വിവാദവും കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കാം.