ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നു മുതൽ ബസുകൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ബസുകൾ ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും കെഎസ്ആർടിസി ബസുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവറും മുൻ സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ആന്‍റണി രാജു വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
എഐ കാമറകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എഐ കാമറ വഴി പിഴ ഈടാക്കാൻ ആരംഭിച്ച ജൂൺ അഞ്ചിന് രാവിലെ എട്ട് മുതൽ ജൂൺ എട്ടിന് രാത്രി 11.59 വരെ 3,52,730 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 80,743 നിയമ ലംഘനങ്ങൾ കെൽട്രോൺ പരിശോധിച്ച് ഉറപ്പുവരുത്തി.
10,457 നിയമ ലംഘനങ്ങൾക്ക് ചെലാൻ അയക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഐസിക്ക് നിർദേശം നൽകി. 692 കാമറകൾക്ക് പുറമെ കൊട്ടാരക്കരയിലും നിലമേലിലും രണ്ട് എഐ കാമറ കൂടി പ്രവർത്തനസജ്ജമാക്കി. കാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ പരിശോധന വേഗത്തിലാക്കാൻ കെൽട്രോണിനോട് സ്റ്റാഫുകളുടെ എണ്ണം കൂട്ടാനും മന്ത്രി ആവശ്യപ്പെട്ടു.
നിയമ ലംഘനം ഇങ്ങനെ:ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്‌തവർ - 6153, മുൻ സീറ്റിൽ കോ പാസഞ്ചർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 7896, അമിതവേഗം -2, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര - 6, മൊബൈൽ ഫോൺ ഉപയോഗം -25, പിൻ സീറ്റിൽ ഹെൽമറ്റ് ധരിക്കാത്തവർ - 715, ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്ത നിയമലംഘനങ്ങൾ - 4991 എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള നിയമ ലംഘനത്തിൻ്റെ കണക്കുകൾ.
വിഐപി നിയമ ലംഘനം:സർക്കാർ ബോർഡ് വച്ച് ഓടുന്ന വാഹനങ്ങളിൽ 56 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 10 എണ്ണത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് ഇന്ന് വൈകിട്ട് പ്രസിദ്ധീകരിക്കും. വിഐപികളെ പിഴയിൽ നിന്നും ഒഴിവാക്കരുത് എന്നും മന്ത്രി നിർദേശം നൽകി.
എഐ കാമറകൾ വന്നതോടെ പ്രതിദിന റോഡപകട മരണങ്ങളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. സാധാരണ ഗതിയിൽ കേരളത്തിൽ ഒരു ദിവസം ശരാശരി 12 പേരാണ് റോഡ് അപകടങ്ങളിലൂടെ മരണപ്പെടുന്നത്. ഇതിൽ ഗണ്യമായ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 28 മരണങ്ങൾ മാത്രമാണ് എഐ കാമറ വന്നതിന് പിന്നാലെ റിപ്പോർട്ട് ചെയ്‌തത്.
എൻഐസിയുടെ സെർവറിലേക്ക് ദൃശ്യങ്ങൾ അയയ്ക്കാൻ കൂടുതൽ യൂസർ ഐഡിയും പാസ്‌വേഡും നൽകാൻ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു. എഐ കാമറകളുടെ പ്രവർത്തനം തൃപ്‌തികരമാണെന്നാണ് യോഗത്തിലെ വിലയിരുത്തൽ. ഇരുചക്ര വാഹനത്തിൽ 1240 കിലോമീറ്റർ വേഗത്തിൽ പോയതായി കാമറ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
നാഷണൽ ഇൻഫർമാറ്റിക്‌സ് സെൻ്ററിൻ്റെ സെർവറിൽ ഉണ്ടായ തകരാറാണ് അത്. സാങ്കേതിക തകരാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എൻഐസിയോട് ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ കാമറയ്ക്ക് മുകളിലൂടെ ചെടികൾ പടർന്നു പിടിച്ചതായി ആക്ഷേപമുയർന്നു. എന്നാൽ ഇതുമൂലം കാമറയ്ക്ക് തകരാർ സംഭവിച്ചിട്ടില്ല.
വാഹനങ്ങൾ ഇടിച്ച് നശിച്ച കാമറകൾ പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. വാഹനങ്ങളുടെ നമ്പർ കാമറ ഡിറ്റക്‌ട് ചെയ്യുന്നതിലെ തകരാർ പരിഹരിച്ചു. രണ്ടു മാസത്തിനുള്ളിൽ ന്യൂനതകളെല്ലാം പരിഹരിച്ച് എഐ കാമറ പൂർണ്ണ സജ്ജമായി പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെൽട്രോൺ, നാഷണൽ ഇൻഫർമാറ്റിക് സെന്‍റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പങ്കെടുത്തു.