തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയതിന്‍റെ സമയ പരിധി ഒക്ടോബർ 30 വരെ നീട്ടി. സെപ്റ്റംബർ ഒന്നു മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും കോ ഡ്രൈവറും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നേരത്തെ ഗതാഗത മന്ത്രി രാജു അറിയിച്ചിരുന്നു. നിലവിൽ നവംബർ ഒന്നു മുതൽ ആകും ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുക.
നവംബർ ഒന്ന് മുതൽ കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. റോഡ് സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ 2005 മുതലുള്ള ഹെവി വാഹനങ്ങൾക്കായിരുന്നു സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നതെങ്കിൽ നിലവിൽ 1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഇക്കാര്യം എ ഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താനായി ഓഗസ്‌റ്റ് മൂന്നിന് ചേർന്ന ഉന്നതതല യോഗത്തില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു.
ഗതാഗത നിയമ ലംഘനങ്ങൾക്ക് നിലവിലുള്ള പിഴ മുഴുവൻ അടച്ചു തീർത്തവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുവെന്നും യോഗത്തില്‍ അറിയിച്ചിരുന്നു. ഇതിനായി കഴിഞ്ഞ ദിവസം മന്ത്രി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ തുടർച്ചയായി ആവര്‍ത്തിക്കുകയും പിഴ അടക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്താറുണ്ട്.
എന്നാൽ ഇതിന് പുറമെയാണ് ഇപ്പോൾ ഇൻഷുറൻസ് തടയാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നത്. ഇതിന്‍റെ തുടർ നടപടികൾക്കായി മന്ത്രി കഴിഞ്ഞ ദിവസം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തി. രാവിലെ 11 മണിക്ക് ഗതാഗത മന്ത്രിയുടെ ചേംബറിലായിരുന്നു ചർച്ച.
ഇന്‍ഷുറന്‍സ് പരിരക്ഷ തടയാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും സര്‍ക്കാർ തല ചർച്ച നടത്തുമെന്നാണ് വിവരം. 2018 സെപ്റ്റംബർ മുതൽ പുതുതായി വാങ്ങുന്ന കാറുകൾക്ക് മൂന്ന് വർഷത്തെയും ഇരുചക്ര മോട്ടോർ വാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും ഇൻഷുറൻസാണ് നൽകിയിരുന്നത്. ഇത് വർഷന്തോറും പുതുക്കണം.
ഇൻഷുറൻസ് പുതുക്കുന്നതിന് മറ്റ് മാനദണ്ഡങ്ങൾ ഇതുവരെയില്ല. എന്നാൽ എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ നിയമലംഘകർ തയ്യാറാകാത്തതാണ് ഈ നടപടിക്ക് ഗതാഗത വകുപ്പിനെ പ്രേരിപ്പിക്കുന്നത്. 3,82,580 ഇ ചലാനുകളാണ് ഇതുവരെ എ ഐ ക്യാമറ വഴി ജനറേറ്റ് ചെയ്‌തത്. 25.81 കോടി രൂപയാണ് ഇ ചലാൻ ജനറേറ്റ് ചെയ്‌തത് വഴി പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക.