തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ ഫിറ്റ്നസിന് ഹാജരാക്കുന്ന സ്റ്റേറ്റ് ക്യാരേജ് ഉൾപ്പടെയുള്ള ഹെവി വാഹനങ്ങളിൽ നിർബന്ധമായും സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Seat belt and camera mandatory in heavy vehicles). സീറ്റ് ബെൽറ്റും ക്യാമറയുമുള്ള വാഹനങ്ങൾക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചു. ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 31നാണ് അവസാന ദിവസമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു (Camera In Private Bus- Minister Antony Raju states No Extension Time Will Be Given). അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടാം ഗഡു ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചതിന് ശേഷം പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് എന്തിനാണ് ചീഫ് ഓഫിസിൽ ഉപരോധം നടത്തിയതെന്നും മന്ത്രി ചോദിച്ചു (Anthony Raju on TDF Blockade).
പണം അനുവദിച്ചിട്ടും ടിഡിഎഫ് സമരം നടത്തിയത് ദുരൂഹമാണെന്ന് പറഞ്ഞ മന്ത്രി ഉപരോധം ശമ്പള വിതരണം വൈകിപ്പിക്കുകയാണ് ചെയ്‌തതെന്നും വ്യക്തമാക്കി. ശമ്പളം നൽകുന്നതിന് വേണ്ടി ധനവകുപ്പ് ഇന്നലെ 20 കോടി അനുവദിച്ചു. ആ പണം വിനിയോഗിച്ചുകൊണ്ട് കഴിഞ്ഞ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകാനുള്ള തീരുമാനം ആയിട്ടുണ്ട്. ഇന്ന് ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫിസിൽ ഉപരോധം ഏർപ്പെടുത്തിയത് കൊണ്ട് ശമ്പളം നൽകാൻ ഒരു ദിവസം കൂടി നീണ്ടു പോകുകയാണ്.