കോവളം :ശക്തമായ കടലേറ്റത്തെ തുടർന്ന് പനത്തുറ തീരത്തെ കടൽഭിത്തികൾ തകർന്നു. തീരത്തിന് സമീപമുള്ള വീടുകളിലും ആരാധനാലയങ്ങളിലും തിരയടിച്ച് വെളളം കയറി. തീരം വിട്ടുളള മേഖലകളിലെ വീടുകളിലും തിരയടിച്ചെത്തുന്ന വെളളം കയറുന്നതിനെ തുടർന്ന് പനത്തുറ നിവാസികൾ ആശങ്കയിലാണ്.
പനത്തുറ തീരത്ത കടലേറ്റത്തെ തുടർന്ന് മന്ത്രി വി.ശിവൻകുട്ടി സ്ഥലം സന്ദർശിച്ചു; ശക്തമായ കാറ്റിലും മഴയിലും കടലേറ്റമുണ്ടായ പനത്തുറ തീരം മന്ത്രിയും സ്ഥലം എംഎൽഎയുമായ വി ശിവൻകുട്ടി സന്ദർശിച്ചു. വലിയ തിരമാലകളേറ്റാണ് നിലവിലുളള കടൽഭിത്തി താഴ്ന്നുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. കടൽഭിത്തിയും കഴിഞ്ഞ് വീടുകളിൽ തിരയടിച്ച് കയറുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിന് നടപടികളെടുക്കാൻ സബ്‌കലക്‌ടർ ഉൾപ്പെട്ട റവന്യൂ-മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടപടി എടുക്കുമെന്ന് സബ്‌കലക്‌ടർ;200 മീറ്ററോളം ദൂരത്തിൽ കല്ലടുക്കണം. മന്ത്രി നിർദ്ദേശിച്ച പ്രകാരം ഇതിനായി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കലക്‌ടർക്ക് സമർപ്പിക്കുമെന്ന് സബ്‌കലക്‌ടർ എംഎസ് മാധവിക്കുട്ടി പറഞ്ഞു. മഴക്കാലമായതിനാൽ കല്ലുകിട്ടാനുളള തടസമുണ്ട്. എന്നിരുന്നാലും ഇവിടത്തെ സ്ഥിതി അപകടകരമായതിനാൽ അടിയന്തരമായി എത്തിച്ച് സംരക്ഷണ ഭിത്തി കെട്ടുമെന്നും സബ്‌കലക്‌ടർ പറഞ്ഞു.
കടലേറ്റത്തിൽ വലഞ്ഞ് പനത്തുറ നിവാസികൾ;വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചിരുന്ന കടൽഭിത്തിയാണ് തകർച്ച നേരിടുന്നത്. ശക്തമായ തിരയടിക്കുന്നതിനെ തുടർന്ന് ഭിത്തിയുടെ അടിവശത്തുളള മണ്ണ് കടലെടുത്തതിനെ തുടർന്നാണ് താഴ്ന്നുപോകുന്നത്. ഉയരം കുറഞ്ഞതോടെ ഭിത്തികടന്നെത്തുന്ന കൂറ്റൻ തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറുന്ന സ്ഥിതിയാണുളളത്.