തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു. വര്‍ക്കല മരക്കടമുക്ക് സ്വദേശിനി അശ്വതി (15) ആണ് മരിച്ചത്. പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിക്കുള്ള മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ അശ്വതിയെ വീട്ടിലേക്ക് മടക്കിയയച്ചു.
പിറ്റേ ദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മെഡിക്കല്‍ പരിശോധനയിലാണ് ചള്ള് പനി സ്ഥിരീകരിച്ചത്. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വര്‍ക്കലയില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എന്താണ് ചെള്ള് പനി: ചിഗര്‍മൈറ്റ് എന്നറിയപ്പെടുന്ന ചെറിയ ഇനം ചെള്ളുകളുടെ കടിയേറ്റ് ഉണ്ടാകുന്നതാണ് ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ ഓറിയന്‍ഷ്യ സുസുഗാമുഷി ബാക്‌ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്‌ടീരിയ മനുഷ്യരിലേക്ക് പകരാം.
ഇത്തരം ചെള്ളുകളുടെ കടിയേറ്റ ഭാഗത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടും. കടിയേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാകും രോഗ ലക്ഷണങ്ങൾ പ്രകടമാവുക.
രോഗലക്ഷണങ്ങള്‍:പനി, തലവേദന, പേശി വേദന, ചുമ, വിറയല്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയാണ് ചെള്ള് പനിക്ക് സാധാരണയുണ്ടാകുന്ന ലക്ഷണങ്ങള്‍. കഠിനമായ തലവേദന, 102.2 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതലുള്ള കഠിനമായ പനി, ശരീരം മുവുവന്‍ എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, താഴ്ന്ന രക്തസമ്മര്‍ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് രോഗം മൂര്‍ച്ഛിക്കുമ്പോഴുള്ള ലക്ഷണങ്ങള്‍.
പ്രതിരോധം പ്രധാനം:രോഗലക്ഷണത്തിന്‍റെ തുടക്കത്തില്‍ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ മരണം സംഭിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗമാണ് ചെളള് പനി. ചെള്ളുകള്‍ വഴി പകരുന്ന രോഗമായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ചെള്ളുകള്‍ നശിപ്പിക്കുന്നതിനുള്ള മരുന്നുകളുടെ സ്‌പ്രേയിങ്ങ് നടത്തണം. എലികളിലൂടെ രോഗകാരികളായ ചെള്ളുകള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എലികളുടെ നിയന്ത്രണവും അത്യവശ്യമാണ്.