തിരുവനന്തപുരം:ജൂണിൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്ക നടപടികളുമായി സംസ്ഥാന സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി റോഡിൽ അപകടകരമാം വിധം സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങൾ, പ്രചാരണ സാമഗ്രികൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സ്‌കൂളുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് സൈൻ ബോർഡുകളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറ്റ് നിർദേശങ്ങൾ: നടപ്പാതകളിൽ യാത്രാതടസം സൃഷ്‌ടിക്കരുത്. മോട്ടോർ വാഹന വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂൾ ബസുകൾ സർവീസ് നടത്തണം. സ്‌കൂളുകൾക്ക് സമീപത്തെ കടകളിൽ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികൾ സ്‌കൂളിൽ എത്തിയില്ലെങ്കിൽ അധ്യാപകർ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കണം.