തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന അടിയന്തര പ്രമേയം അനുവദിക്കാത്തതിനാൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. നിയമസഭ കവാടത്തിൽ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് സമരം.
അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനെന്ന് പറയുമ്പോലെയാണ് വിചാരണ നേരിടുന്ന ഒരാൾ കേരളത്തിൻ്റെ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു. കേരള നിയമസഭയിൽ ക്രിമിനലുകൾ അഴിഞ്ഞാടിയ കറുത്ത വെള്ളിയാഴ്ചയായിരുന്നു 2015 മാർച്ച് 13 എന്നും പി.ടി. തോമസ് പറഞ്ഞു.
എന്നാൽ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ വിവിധ നിയമസഭകളിൽ നടന്ന കയ്യാങ്കളികൾ എടുത്തു പറഞ്ഞ മുഖ്യമന്ത്രി അവിടങ്ങളിലെല്ലാം പ്രശ്നം സഭയ്ക്കുള്ളിൽ വച്ച് തന്നെ പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഈ കേസ് സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയ യു.ഡി.എഫിന്‍റെ നടപടി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു 'വിദ്യാർഥികൾക്ക് ബെസ്റ്റ് മോഡൽ'
മുണ്ട് മാടിക്കുത്തി ബഞ്ചിനും ഡസ്കിനും മുകളിൽ നടന്ന ഒരു വിദ്യാഭ്യാസ മന്ത്രി വിദ്യാർഥികൾക്ക് ബെസ്റ്റ് മോഡലാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കോടതിയിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി തൽസ്ഥാനത്ത് തുടരുന്ന കീഴ്വഴക്കങ്ങൾക്ക് ചേർന്നതല്ലെന്നും സതീശൻ പറഞ്ഞു. കവാടത്തിൽ അൽപനേരം മുദ്രാവാക്യം വിളികളുമായി സമരമിരുന്ന പ്രതിപക്ഷം തുടർന്ന് നിയമസഭ വിട്ട് പുറത്തേക്ക് പോയി.
'വിദ്യാർഥികൾക്ക് ബെസ്റ്റ് മോഡലെന്ന് പരിഹാസം പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ല കലക്‌ടറേറ്റുകൾക്ക് മുന്നിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. ജൂലൈ 30ന് വൈകിട്ട് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ആഹ്വാനമുണ്ട്. അതിനിടെ സമര പരിപാടികൾ ആലോചിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം.
നിയമസഭ കവാടത്തിൽ പ്രതിപക്ഷത്തിന്‍റെ കുത്തിയിരിപ്പ് സമരം READ MORE:വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും