തിരുവനന്തപുരം:പ്രിയ വര്‍ഗീസ് പിഎച്ച്ഡി ബോണ്ട് വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവേഷണകാലത്തെ മുഴുവന്‍ ശമ്പളവും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ സമിതിയാണ് യുജിസിക്ക് പരാതി നല്‍കിയത്. യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്‍റ് പ്രോഗ്രാം (എഫ്‌ഡിപി) മുഖേന പിഎച്ച്‌ഡി നേടിയ പ്രിയ വര്‍ഗീസ് ഇതിനു ശേഷം ബോണ്ട് വ്യവസ്ഥ ലംഘിച്ചതായാണ് ആരോപണം.
ഗവേഷണം വഴി ആര്‍ജിക്കുന്ന വൈജ്ഞാനിക സമ്പത്ത് തുടര്‍ന്നുള്ള അധ്യാപനത്തിലൂടെ അതേ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുമെന്ന ഉറപ്പ് മുദ്രപ്പത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് അവധി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, പ്രിയ വര്‍ഗീസ് ഈ കരാര്‍ വ്യവസ്ഥ ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്‌ടറായും ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് ഡയറക്‌ടറായും ഡെപ്യൂട്ടേഷനില്‍ നിയമിതയായി. മാര്‍ച്ച് 2012ല്‍ കേരളവര്‍മ്മ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ പ്രിയ വര്‍ഗീസ് 2015 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെ എഫ്‌ഡിപി മുഖേന ഗവേഷണത്തിന് അവധിയിലായിരുന്നു.