തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം ലംഘിച്ചുകൊണ്ട് കൃത്രിമമായി 156 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്‌തികകളിലേക്ക് നിയമനം (Unnecessary Appointments In Veterinary University). നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി (Save University From 156 Teacher Appointments).
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് കൃത്യമായി ശമ്പളം പോലും നല്‍കാന്‍ സര്‍വ്വകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ പ്രതിമാസം 4 കോടിയുടെ കടത്തിലാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയുടെ പ്രോ ചാന്‍സലര്‍ സിപിഐ മന്ത്രിയാണെങ്കിലും, യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്‍റ് സിപിഎമ്മിന്‍റെ നിയന്ത്രണത്തിലാണെന്നും സേവ് യൂണിവേഴ്‌സിറ്റി അംഗങ്ങള്‍ ആരോപിക്കുന്നു.
യുജിസി അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതമായ 1:20 എന്ന തോതിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ 1:10 എന്ന അനുപാതത്തില്‍ അധ്യാപകരുള്ളപ്പോഴാണ് വീണ്ടും നിയമനങ്ങള്‍ നടത്തുന്നത്. പുതിയ നിയമനങ്ങള്‍ കൂടി നടത്തിയാല്‍ അനുപാതം 1:5 ആയി വര്‍ധിക്കും. സര്‍വ്വകലാശാലയിലെ ചില ഉന്നതരുടെ സ്വന്തക്കാര്‍ക്ക് കൂടി നിയമനം ലഭിക്കുന്നതിനായി ചില തസ്‌തികകളെ നെറ്റ് പരീക്ഷ യോഗ്യതയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി പുതിയ നിയമന വിജ്ഞാപനം നടത്താനാണ് കഴിഞ്ഞമാസം ചേര്‍ന്ന് ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്. ജൂണില്‍ നിലവിലെ വിസിയുടെ കാലാവധി പൂര്‍ത്തിയായാല്‍ പുതിയ വി സി നിയമിതനാകുമെന്നുള്ള സാധ്യത കണക്കിലെടുത്ത് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം.