തിരുവനന്തപുരം: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്‌സ് അശ്വതി വിജയൻ്റെ മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകര അവണാകുഴി തന്നിമൂട്ടിലെ വീട്ടിൽ എത്തിച്ച മൃതദേഹം മതാചാര ചടങ്ങുകൾക്കുശേഷം വീടിനുസമീപത്ത് 12 മണിയോടെയാണ് സംസ്കരിച്ചത്.
സൗദി വാഹനാപകടം : അശ്വതി വിജയൻ്റെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞ ആഴ്‌ചയാണ് സൗദിയിലെ റിയാദിൽവച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സുമാരായ അശ്വതിയും, കോട്ടയം കുറവിലങ്ങാട് സ്വദേശിനി ഷിൻസി ഫിലിപ്പും മരിച്ചത്. നോർക്കയുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ആംബുലൻസിൽ വീട്ടിൽ എത്തിക്കുകയായിരുന്നു.
Also Read: സൗദി വാഹനാപകടം : മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
സിൻസി ഫിലിപ്പിന്‍റെ സംസ്കാരം തിങ്കളാഴ്ച വയലി സെന്‍റ് ജോർജ് പള്ളിയിൽ നടക്കും. റിയാദ് നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാർ ആയിരുന്നു ഇരുവരും. പഠനശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കിയിരുന്ന അശ്വതി രണ്ടുവർഷം മുമ്പാണ് വിദേശത്ത് ജോലിയിൽ പ്രവേശിച്ചത്.
മൂന്നുമാസം മുമ്പാണ് അശ്വതി അവസാനമായി നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സാധനം വാങ്ങാൻ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഒപ്പം അപകടത്തിൽപ്പെട്ട രണ്ടുപേർ ചികിത്സയിലാണ്.