തിരുവനന്തപുരം: സത്‌നാം സിങ് കൊലക്കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ആറാം പ്രതി ദിലീപിനെ ക്രൈംബ്രാഞ്ച് പിടികൂടി കോടതിയിൽ ഹാജരാക്കി. കേസിൽ ജാമ്യം നേടിയ ശേഷം നിരന്തരമായി കോടതയിൽ ഹാജരാകാതിരുന്ന പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിച്ചിരുന്നു. ഇതേ തുടർന്നാണ് കേസിലെ ആറാം പ്രതി ദിലീപിനെതിരെ 2018 പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഇതോടെ വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്‍റെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. തിരുവനന്തപുരം അഞ്ചാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലക്നൗവില്‍ നിയമ പഠനത്തിനിടയിലാണ് ആത്മീയ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായ സത്‌നാം സിങ് കേരളത്തിൽ എത്തിയത്. ഇവിടെ എത്തിയ സത്‌നാം കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ എത്തി.
ഇവിടെ വച്ച് അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രെമിച്ച കേസിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു. ജയിലിൽ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് സത്നാമിനെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിക്കുന്നത്.