തിരുവനന്തപുരം :96 പട്ടികൾ, 8 പൂച്ചകൾ, നൂറോളം താറാവുകൾ, കോഴി, ആട്, മുയൽ, തത്ത, പ്രാവ് - ഇവയെല്ലാം ചേരുന്ന സ്നേഹാലയമാണ് സാറാമ്മയുടെ ലോകം. രോഗം ബാധിച്ചും അപകടം പറ്റിയും തെരുവിൽ ഗുരുതരാവസ്ഥയിലാകുന്ന മൃഗങ്ങളെ സംരക്ഷിക്കുകയാണ് തിരുവനന്തപുരം പേയാട് സ്വദേശി സാറാമ്മ. മരണം മുന്നിൽ കണ്ട മൃഗങ്ങൾക്ക് പുതിയൊരു ജീവിതം നൽകി പരിപാലിച്ചുപോരുന്നു ഈ വയോധിക.
സാറാമ്മയുടെ ലോകം വ്യത്യസ്‌തം :ചെറുപ്പം മുതലേ പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നത് സാറാമ്മയുടെ ശീലമാണ്. സ്വന്തം മക്കളെ പോലെയാണ് ഇവയെ പരിചരിക്കുന്നത്. ഇവയ്ക്ക് ഭക്ഷണം നൽകിയും തലോടിയും സംസാരിച്ചും സ്‌നേഹം പകരുകയാണ് സാറാമ്മ.
കാൻസർ ബാധിച്ച ഒരാടിനെ കശാപ്പിനായി എത്തിച്ചിടത്തുനിന്നാണ് രക്ഷിച്ചത്. വയറ്റിൽ മുറിവേറ്റ് പുഴുവരിച്ചതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ലാബ് ഇനത്തിലെ പട്ടിക്കും സാറാമ്മ അഭയമൊരുക്കി. തെരുവിൽ വലിച്ചെറിയപ്പെടുന്ന മൃഗങ്ങളെ വീട്ടിലെത്തിച്ച് പോറ്റുന്നതുകൊണ്ട് പലരും മൃഗങ്ങളെ ഇവരുടെ വീട്ടിൽ ഉപേക്ഷിക്കാറുമുണ്ട്.