തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കോലാഹലമുണ്ടാക്കിയ എല്ലാ ഐ-ഫോണുകളും പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. പദ്ധതി നടത്തിപ്പുകാരായ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ-ഫോണുകളാണ് പിടിച്ചെടുക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ആവശ്യപ്രകാരം ഏഴ് ഐ-ഫോണുകളാണ് സന്തോഷ് ഈപ്പന്‍ ലൈഫ് പദ്ധതി കരാര്‍ ലഭിക്കുന്നതിനായി വാങ്ങി നല്‍കിയത്. ഇതില്‍ നാലെണ്ണം യു.എ.ഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ നറുക്കെടുപ്പിനും ഒരെണ്ണം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനും നല്‍കി. 1.13 ലക്ഷം രൂപ വിലയുള്ള മറ്റൊരു ഐ-ഫോണ്‍ സ്വപ്‌ന സുരേഷ് നിര്‍ദേശിച്ച പ്രകാരം യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന് കൈമാറിയെങ്കിലും തനിക്ക് ഇതിലും വില കൂടിയ ഫോണ്‍ വേണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ സന്തോഷ് ഈപ്പന്‍ തിരികെ വാങ്ങി. പകരം വിലകൂടിയ മറ്റൊരു ഫോണ്‍ വാങ്ങി നല്‍കി. 1.13 ലക്ഷം രൂപ വിലയുള്ള ഐ-ഫോണ്‍ സന്തോഷ് ഈപ്പന്‍ കൈവശം വച്ചു.
നറുക്കെടുപ്പിന് നല്‍കിയ നാലുഫോണുകളില്‍ ഒരെണ്ണം കോടിയേരി ബാലകൃഷ്‌ണന്‍ മുന്‍പ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോള്‍ അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറുമായ വ്യക്തിക്കും മറ്റൊന്ന് ഒരു വിമാന കമ്പനി മാനേജര്‍ക്കും മറ്റൊരെണ്ണം കാട്ടാക്കട സ്വദേശിയായ പ്രവീണ്‍ രാജ് എന്ന പരസ്യകമ്പനി ഉടമയ്ക്കും മറ്റൊരെണ്ണം ജിത്തു എന്നയാള്‍ക്കുമാണ് ലഭിച്ചത്. ഇതില്‍ പ്രവീണ്‍ രാജിന്‍റെ ഫോണ്‍ വിജിലന്‍സ് പിടിച്ചെടുത്തു. മറ്റുള്ളവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്ക് വാങ്ങി നല്‍കിയ ഐ-ഫോണുകളില്‍ ഒരെണ്ണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ നേരത്തേ ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് നിയമനടപടിയിലേക്ക് നീങ്ങിയതോടെ പരാമര്‍ശം പിന്‍വലിച്ചു. ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നറുക്കെടുപ്പില്‍ വിജയിച്ച ആളുകള്‍ക്ക് ചെന്നിത്തല ഫോണ്‍ നല്‍കിയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സന്തോഷ് ഈപ്പന്‍ പിന്നീട് ഇ.ഡിക്കു മുന്നില്‍ മൊഴി തിരുത്തി.