തിരുവനന്തപുരം: തടവിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് കേരളത്തിന്റെ പിന്തുണ തേടി ഭാര്യ ശ്വേത ഭട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ കണ്ട് അവർ പിന്തുണ അഭ്യർഥിച്ചു.
സഞ്ജീവ് ഭട്ടിന്‍റെ മോചനം; കേരളത്തിന്‍റെ പിന്തുണ തേടി ഭാര്യ ശ്വേത ഭട്ട് - സഞ്ജീവ് ഭട്ട്
മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും കോടിയേരി ബാലകൃഷ്ണനെയും ശ്വേത ഭട്ട് കണ്ടു

ഗുജറാത്ത് വംശഹത്യ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണ കമ്മീഷന് മൊഴി നൽകിയ സഞ്ജീവ് ഭട്ടിന് 30 വർഷം മുമ്പത്തെ കേസിലാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 1990ലെ വർഗീയ കലാപത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാൾ ജയിൽ മോചിതനായതിന് പിന്നാലെ മരിച്ച കേസിലാണ് ശിക്ഷ. മോദിക്കെതിരായ തെളിവുകൾ അന്വേഷണ കമ്മീഷന് നൽകിയതാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള സർക്കാർ വേട്ടയാടലിന് കാരണമെന്ന് ഭാര്യ ശ്വേത ഭട്ട് പറയുന്നു. സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള തന്‍റെ പോരാട്ടത്തിന് കൂടുതൽ പിന്തുണ കിട്ടിയത് കേരളത്തിൽ നിന്നാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണ കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്വേത ഭട്ട് പറഞ്ഞു.
എംപിമാരുടെയും എംഎൽഎമാരുടെയും സഹായം തേടി ആദ്യം കണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ്. കേരളത്തിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ചെന്നിത്തല ഉറപ്പ് നൽകി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അവർ കണ്ടു. സഞ്ജീവ് ഭട്ടിന്‍റെ മോചനത്തിനായി ഡിവൈഎഫ്ഐ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് പറഞ്ഞു. മകൻ ശാന്ത്നു ഭട്ടും ശ്വേതക്കൊപ്പം ഉണ്ടായിരുന്നു.