തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ നാലര വര്‍ഷമായി തുമ്പില്ലാതെ കിടന്ന തിരുവനന്തപുരം കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്‌തയാള്‍ പ്രതിയെന്ന് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസ വര്‍ഷം. പരേതനെ പ്രതിയായി കണ്ടെത്തിയതോടെ ഇനി കേസുമായി മുന്നോട്ടു പോകേണ്ടതില്ലല്ലോ എന്നും ഇതിനു പിന്നില്‍ പൊലീസ് ബുദ്ധിയാണോ സിപിഎം ബുദ്ധിയാണോ എന്നുമുള്ള പരിഹാസമാണ് ഉയരുന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ സാളഗ്രാമ ആശ്രമം കത്തിച്ച കേസ് അന്വേഷിക്കുന്നത് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി പി കെ മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഇതേ സംഘമാണ് മാസങ്ങളോളം തുമ്പില്ലാതെ കിടന്ന എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയേയും കണ്ടെത്തിയത്. ഇപ്പോള്‍ സിപിഎമ്മിനെ നാണക്കേടിലാക്കിയ തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം അന്വേഷിക്കുന്നതും ഇതേ സംഘമാണ്. സംഭവത്തില്‍ കോര്‍പറേഷനിലെ ഏതെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റിലായേക്കാനാണ് സാധ്യതയെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
2018 ഒക്‌ടോബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം. മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി നിലപാടു സ്വീകരിച്ച സന്ദീപാനന്ദഗിരിയെ ആക്രമിച്ചത് സംഘപരിവാറുകാരായിരുന്നു എന്നായിരുന്നു സിപിഎം ആരോപണം. സന്ദീപാനന്ദഗിരിയും ഇതു തന്നെ പറഞ്ഞു.