തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്‌ടിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ 4 വർഷങ്ങൾക്ക് ശേഷം നിർണായക വെളിപ്പെടുത്തൽ. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകൻ പ്രകാശും സംഘവും ചേർന്നാണെന്നാണെന്ന് പ്രകാശിന്‍റെ സഹോദരൻ പ്രശാന്ത്. ഒരു സ്വകാര്യ ചാനലിനോടാണ് പ്രശാന്ത് സംഭവം വെളിപ്പെടുത്തിയത്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ: നിർണായക വെളിപ്പെടുത്തൽ
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൽ തന്‍റെ സഹോദരന് പങ്കുണ്ടെന്ന് യുവാവിന്‍റെ വെളിപ്പെടുത്തൽ. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് നിർണായക വെളിപ്പെടുത്തൽ.
ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഒരാഴ്‌ച മുൻപ് പ്രശാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പ്രശാന്തിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡിഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് പ്രകാശിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്‌തതെന്ന് സംശയിക്കുന്നതായും പ്രശാന്ത് പറഞ്ഞു.
പ്രകാശ് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ പ്രകാശിനെ ഒപ്പമുള്ളവർ മർദിച്ചിരുന്നതായും പ്രശാന്ത് ആരോപിച്ചു. 2018 ഒക്ടോബർ 27നാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയം കത്തി നിൽക്കുമ്പോഴായിരുന്നു സംഭവം.