തിരുവനന്തപുരം: ശ്രീകാര്യം മൺവിള റേഡിയോ സ്റ്റേഷൻ വളപ്പില്‍ നിന്ന നാല് ചന്ദന മരങ്ങൾ മുറിച്ച് കടത്തി. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മരം മുറിച്ച് കടത്തിയത് ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.
മൺവിള റേഡിയോ സ്റ്റേഷൻ വളപ്പിലെ ചന്ദന മരങ്ങൾ മുറിച്ച് കടത്തി
നാല് മരങ്ങളാണ് കടത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയില്‍
ഒരു മാസം മുൻപും ഇതേ സ്ഥലത്ത് നിന്ന് ഒരു ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. അതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ചന്ദനമരം മുറിച്ചത്. രണ്ടാഴ്‌ചയ്ക്ക് മുമ്പ് തൊട്ടടുത്തുള്ള സി ഇ ടി എഞ്ചിനീയറിംഗ് കോളജ് വളപ്പില്‍ നിന്ന ചന്ദന മരവും മുറിച്ചിരുന്നു. ഈ അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോസ്ഥരും സ്ഥലത്തെത്തി.
റേഡിയോ സ്റ്റേഷൻ വളപ്പില്‍ നിരവധി ചന്ദനമരങ്ങളാണ് ഉള്ളത്. എന്നാല്‍ നിരീക്ഷണത്തിനായി ഇവിടെ ക്യാമറ ഇല്ലാത്തതും വിനയായി. റേഡിയോ സ്റ്റേഷൻ വളപ്പിനുള്ളില്‍ പൊലീസ് സ്റ്റേഷൻ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ചോദ്യം ചെയ്യുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.