കേരളം

kerala

ETV Bharat / state

ഗോവിന്ദാ ഗോപാല നാമജപം മുഴക്കി ശിവാലയ ഓട്ടം ആരംഭിച്ചു - ശിവരാത്രി

മുഴുവൻ സമയവും ക്ഷേത്രം തുറന്നിരിക്കുന്നതിനാലാണ് ശിവരാത്രി ദിവസം ഭക്തർക്ക് 12 ക്ഷേത്രത്തിലും ദർശനം നടത്താൻ കഴിയുന്നത്.

പരമശിവൻ

By

Published : Mar 4, 2019, 10:17 AM IST

ശിവക്ഷേത്രങ്ങള്‍ ക്രമാനുസരണം ഓടി ദര്‍ശനം നടത്തുന്ന ശിവാലയ ഓട്ടം ഇന്നലെ വൈകുന്നേരത്തോടെആരംഭിച്ചു.കന്യാകുമാരിയിലെ 12 ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തിയാണ് ശിവാലയ ഓട്ടത്തിന് സമാപനമാകുന്നത്.മഹാഭാരതകഥയിലെ ഭീമസേനനും, വ്യാഘ്രപാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവാലയ ഓട്ടത്തിന് ആധാരം. ശൈവ, വൈഷ്ണവ ബന്ധം ഉറപ്പിക്കുന്ന ശിവാലയ ഓട്ടത്തില്‍ ഗോവിന്ദാ.. ഗോപാല എന്ന നാമജപമാണ് ഭക്തർ ഉരുക്കഴിക്കുന്നത്. ഒന്നാമത്തെ ക്ഷേത്രമായ തിരുമലയില്‍നിന്നും തുടങ്ങി ഏകദേശം 80 കി.മി ചുറ്റളവിൽ യാത്ര ചെയ്ത് തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീര്‍ഥാടനം പൂര്‍ത്തിയാക്കും. കാല്‍നടയായി ഈ ദൂരമത്രയും സഞ്ചരിക്കുന്നതാണ് ആചാരം.

ദേശീയപാതയില്‍ കുഴിത്തുറയ്ക്കടുത്ത് വെട്ടുവന്നിയില്‍നിന്ന് ആറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുഞ്ചിറയില്‍ എത്താം. മുഞ്ചിറയ്ക്കടുത്താണ് തിരുമല ക്ഷേത്രം. ശിവരാത്രിയുടെ തലേദിവസം തിരുമല ക്ഷേത്രത്തില്‍ സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം തുടങ്ങുന്നത്. തിരുമലയിൽനിന്ന് വെട്ടുവന്നിയില്‍ തിരിച്ചെത്തി, മാര്‍ത്താണ്ഡം കടന്നാല്‍ ഏകദേശം 14 കിലോമീറ്റര്‍ സഞ്ചരിക്കണം തിക്കുറുശ്ശിയില്‍ എത്താന്‍. തിക്കുറുശ്ശിയില്‍നിന്ന് ചിതറാല്‍, അരുമന വഴി 12 കി.മീ സഞ്ചരിച്ചാല്‍ തൃപ്പരപ്പില്‍ എത്താം. തൃപ്പരപ്പില്‍നിന്ന് കുലശേഖരം വഴി എട്ടുകിലോമീറ്റര്‍ അകലെയാണ് തിരുനന്തിക്കര. 'തിരുനന്തിക്കരയില്‍നിന്ന് കുലശേഖരം വഴി എട്ട് കിലോമീറ്റര്‍ ദൂരത്താണ് പൊന്മന. പൊന്മനയില്‍നിന്ന് വലിയാറ്റുമുഖം, മുട്ടയ്ക്കാട് വഴി 10 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പന്നിപ്പാകത്ത് എത്തേണ്ടത്. പന്നിപ്പാകത്തുനിന്ന് 6 കിലോമീറ്റര്‍ അകലെ പദ്മനാഭപുരം കോട്ടയ്ക്കകത്താണ് കല്‍ക്കുളം ക്ഷേത്രം.

കല്‍ക്കുളത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് മേലാങ്കോട് ക്ഷേത്രം. മേലാങ്കോട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരെ ദേശീയപാതയില്‍ വില്ലുക്കുറിക്കടുത്താണ് തിരുവടൈക്കോട് ക്ഷേത്രം. തിരുവിടൈക്കോട്ടില്‍നിന്ന് തക്കല വഴി 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിതാംകോട്ടില്‍ എത്താം. തിരുവിതാംകോട്ടില്‍നിന്ന് 9 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുനാള്‍ പുനരുദ്ധാരണം ചെയ്ത, ക്ഷേത്രമാണ് തൃപ്പന്നികോട്. പന്ത്രണ്ടാമത്തെ ശിവാലയമായ തിരുനട്ടാലം തിരുവിതാംകോട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ തൊഴുതാണ് ഭക്തര്‍ ശിവാലയ ഓട്ടം പൂര്‍ത്തിയാക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഓരോ വർഷം കഴിയുന്തോറും ശിവാലയ ഓട്ടത്തിന്‍റെ ഭാഗമായിആയിരങ്ങളാണ് എത്തുന്നത്.

ശിവാലയ ഓട്ടം

ABOUT THE AUTHOR

...view details