തിരുവനന്തപുരം: നൂറു കണക്കിന് ആളുകൾക്ക് ആശ്രയമാകേണ്ട ആര്യങ്കോട് കുറ്റിയായണിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരുടെ അവഗണനയില്‍ നാശത്തിലേക്ക്. ആശുപത്രിയുടെ പ്രവർത്തനം നിലച്ച് വർഷങ്ങൾ പിന്നിടുമ്പോഴും അധികൃതർ തുടരുന്ന മൗനം നാട്ടുകാരിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.
അധികൃതരുടെ അനാസ്ഥയില്‍ " ആരോഗ്യം നശിച്ച് " കുറ്റിയായണിക്കാട് പ്രാഥമികാരോഗ്യകേന്ദ്രം - ആര്യങ്കോട്
കെട്ടിടത്തിന് കാലപ്പഴക്കം നേരിടാൻ തുടങ്ങിയതോടെയാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾ നിലച്ചത്.
1982 ലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ആര്യങ്കോട്, കുറ്റിയായണിക്കാട്, കാവല്ലൂർ, കീഴാറൂർ, പശുവണ്ണറ തുടങ്ങിയ വാർഡിലെ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്നു ഈ പ്രാഥമികാരോഗ്യ കേന്ദ്രം. എന്നാൽ കെട്ടിടത്തിന് കാലപ്പഴക്കം നേരിടാൻ തുടങ്ങിയതോടുകൂടി ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇതോടെ പ്രദേശവാസികൾ കിലോമീറ്ററുകൾ അകലെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയായി. സമീപത്തെ സേവാഗ്രാം ഓഫീസിനോട് ചേർന്നുള്ള ഒറ്റ മുറിയിലാണ് ഇപ്പോൾ ഹെൽത്ത് സെന്‍റർ താല്‍ക്കാലികമായി പ്രവർത്തിക്കുന്നത്.
ഒറ്റമുറിയിൽ തന്നെ മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുമ്പോഴും എല്ലാവിധ സൗകര്യങ്ങളോടും കൂടി അടഞ്ഞുകിടക്കുന്ന കെട്ടിടത്തെ പുനർനിർമ്മിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികൃതർ കാണിക്കുന്ന വീഴ്ചയില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്.