ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കെ.എസ്. ആർ.ടി.സി എം പാനൽ കണ്ടക്ടർമാരുടെ സെക്രട്ടേറിയേറ്റിനു മുന്നിലെ സമരപന്തൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി ആരോപണം. സമരപന്തലിന്‍റെ മുകളിൽ കെട്ടിയിരുന്ന ടാർപോളിൻ ഷീറ്റുകളും ,സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. കേരള സമൂഹം ഏറ്റെടുത്ത സമരം ചില കോണുകളില്‍ തീര്‍ത്ത അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണ് ഇരുട്ടിന്‍റെ മറവിലെ ഈ ആക്രമണമെന്ന് സമരസമിതി ആരോപിച്ചു.
എം പാനൽ കണ്ടക്ടർമാരുടെ സമരപന്തൽ പൊളിച്ചതായി പരാതി
പിരിച്ചുവിടപ്പെട്ട എം പാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിന‌് മുന്നിൽ നടത്തുന്ന അനിശ‌്ചിതകാല സമരം 22ാം ദിവസത്തിലേക്ക് കടന്നു.
സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സമരസമിതി ഇന്ന് രാവിലെ കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌് പ്രതിഷേധ മാർച്ച‌് നടത്തി. 3861 താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനാണ‌് ഹൈക്കോടതി ഉത്തരവിട്ടത്. 4051 പേർക്കാണ‌് പിഎസ‌്സി നിയമന ശുപാർശ നൽകിയത‌്. പിഎസ‌്സി പട്ടികയിൽനിന്നുള്ള നിയമന നടപടി പൂർത്തിയായി. എന്നാൽ, പിഎസ‌്സി വഴിയേ നിയമനം നടത്താവൂവെന്നാണ‌് ഹൈക്കോടതിയുടെ ഉത്തരവ‌്. നിയമനവുമായി ബന്ധപ്പെട്ട‌് വിവിധ കേസുകൾ ഹൈക്കോടതിയിൽ ഇപ്പോഴും തുടരുന്നത‌് എം പാനലുകാരുടെ നിയമനത്തിന‌് തടസ്സം സൃഷ്ടിക്കുന്നുണ്ട‌്.