തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളാണ് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത്. അതിനാലാണ് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇടത് മുന്നണി ഘടകകക്ഷിയായ എല്‍.ജെ.ഡിയുടെ ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍പിള്ള. 2016ല്‍ ജെ.ഡി.യുവിന്‍റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നേമത്ത് മത്സരിച്ച വി സുരേന്ദ്രന്‍പിള്ള മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുകയായിരുന്നു. ഇത് കോണ്‍ഗ്രസ് ഘടകക്ഷികളോട് ചെയ്യുന്ന ചതിയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.
ഘടകകക്ഷികള്‍ക്ക് സീറ്റ് കൊടുത്ത് വോട്ട് കച്ചവടം നടത്തി വഞ്ചിക്കുകയാണ് കോണ്‍ഗ്രസിന്‍റെ പതിവ്. ഇതു തന്നെയായിരുന്നു നേമത്തും നടന്നത്. മുന്‍പ് തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരം വെസ്റ്റിലെ എം.എല്‍.എ ആയിരുന്നു താന്‍. അതിനു മുമ്പ് പുനലൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജയിച്ചിട്ടുണ്ട്. എന്നിട്ടും ദുര്‍ബലന്‍ എന്ന് പ്രചരിപ്പിച്ചു. നേമത്തെ തോല്‍വി സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് ഭാരവാഹികള്‍ക്ക് എതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നു.
പിന്നീട് അതില്‍ ഒരു നടപടിയും ഉണ്ടായില്ല. ചിലര്‍ക്ക് ജയിക്കാന്‍ ചിലരെ കുരുതി കൊടുക്കണം. ഇതാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പിള്ള ആരോപിച്ചു. കണ്ണടച്ച് മുന്നോട്ടുപോകരുത്. ശ്രദ്ധ വേണം എന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനോട് അഭ്യര്‍ഥിക്കുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.