തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആറ് ദിവസത്തെ ശമ്പളം പിടിച്ച ശേഷമുള്ള ശമ്പളമാണ് നൽകുക. കനത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആയിരം കോടി രൂപ കൂടി കടം എടുത്താണ് ഇത്തവണ ശമ്പളം നല്‍കുന്നത്. ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.
സംസ്ഥാനത്ത് ശമ്പള വിതരണം ഇന്ന് മുതൽ - കോടതി സ്റ്റേ
കനത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആയിരം കോടി രൂപ കടം എടുത്താണ് ഇത്തവണ ശമ്പളം നല്‍കുക.
കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി അഞ്ച് മാസങ്ങളിലായി ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു. പ്രതിപക്ഷ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഈ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്‌തു. ഉത്തരവിന് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും ഘട്ടത്തിൽ ജീവനക്കാരുടെ ശമ്പളം മാറ്റി വെക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സർക്കാർ പുറത്തിറക്കുകയായിരുന്നു. പിടിക്കുന്ന ശമ്പളം ആറ് മാസത്തിന് ശേഷം തിരിച്ചുനൽകും. സർവീസ് പെൻഷൻ വിതരണവും ഇന്ന് തുടങ്ങും. തിരക്ക് ഒഴിവാക്കാൻ അക്കൗണ്ട് നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് വിതരണം.