തിരുവനന്തപുരം: വിഷുവിന് പുറമേ ശമ്പളമില്ലാതെയാകും കെഎസ്ആര്‍ടിസി ജീവക്കാരുടെ ഈസ്റ്റര്‍ ആഘോഷവും. സര്‍ക്കാരിനോട് ആവശ്യപ്പെട്ട അധിക ധനസഹായം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിക്കാത്തതാണ് കാരണം. ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളവിതരണം പൂര്‍ത്തിയാക്കാന്‍ ബുധനാഴ്‌ചയെങ്കിലുമാകും എന്നാണ് നിലവിലെ വിവരം.
വിഷുവിന് ഭാഗികമായെങ്കിലും ശമ്പളം വിതരണം ചെയ്യാനാകുമെന്ന കെഎസ്ആര്‍ടിയിയുടെ കണക്കുകൂട്ടല്‍ നേരത്തെ തന്നെ തെറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാർ ഈസ്റ്ററിനും ശമ്പളമില്ലാതെ ആഘോഷിക്കേണ്ട ഗതികേടിലായത്. കോര്‍പ്പറേഷന്‍ മാനേജ്മെന്‍റ് 45 കോടി അധിക ധനസഹായത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍ കിട്ടുമെന്ന കാര്യത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ സഹായം 35 കോടി അവധി ആയതിനാല്‍ കൃത്യസമയത്ത് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നില്ല. 97.5 കോടിയാണ് ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് വേണ്ടത്.