തിരുവനന്തപുരം:51കാരിയായ നവവധുവിൻ്റെ മരണത്തിൽ കൂടുതൽ തെളിവുകൾ. കിടപ്പുമുറിയിലും ഫോറൻസിക് സംഘം രക്തക്കറ കണ്ടെത്തി. വൈദ്യുത അലങ്കാര വിളക്കിൽ നിന്ന് ഷോക്കേറ്റ് മരിച്ചു എന്ന ശാഖയുടെ ഭർത്താവ് അരുണിൻ്റെ മൊഴിക്ക് വിരുദ്ധമായാണ് ഈ കണ്ടെത്തൽ. ബോധരഹിതയായി ശാഖയെ കണ്ടെത്തിയ ഹാളിലും രക്തക്കറ കണ്ടെത്തിയിരുന്നു.
എന്നാൽ കൊലപാതകം ആണെന്ന കാര്യം പൊലീസ് ഇപ്പോഴും സ്ഥിരീകരിക്കുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഇക്കാര്യം പറയാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശാഖയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടത്തിന് ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കും. കൊലക്കേസിൽ ഭർത്താവ് അരുണിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.