തിരുവനന്തപുരം:വിഴിഞ്ഞം സമരസമിതി ഉന്നയിക്കുന്ന ഏഴ് ആവശ്യങ്ങളിൽ തുറമുഖ നിർമാണം ഒഴിച്ച് മറ്റ് ആറ് ആവശ്യങ്ങളും അംഗീകരിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ എംഎല്‍എ. യുഡിഎഫ് ഭരിക്കുമ്പോൾ വികസനം ആകാമെന്നും എൽഡിഎഫ് ഭരിക്കുമ്പോൾ പാടില്ലായെന്നുമുള്ള സമീപനം അംഗീകരിക്കില്ല. വിഴിഞ്ഞം തുറമുഖം സർക്കാർ മുൻകൈ എടുത്ത് നിർമിക്കുകയോ പൊതുസ്വകാര്യ സംരംഭമായോ നടത്തണം എന്നുമായിരുന്നു സിപിഎം നിലപാടെന്നും സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.
'തുറമുഖ നിർമാണം നിർത്തിവയ്‌ക്കില്ല, സമരസമിതിയുടെ മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കും'; സജി ചെറിയാൻ നിയമസഭയില്‍ - vizhinjam protes
വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സമവായ നീക്കം ശക്തമാക്കിയിരിക്കെയാണ് അടിയന്തര പ്രമേയ ചർച്ചയിൽ സജി ചെറിയാന്‍ സമരസമിതിയുടെ ആവശ്യങ്ങളോട് പ്രതികരിച്ചത്
എന്നാൽ, ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി സർക്കാർ, അദാനി എന്ന കോർപ്പറേറ്റിനെ തുറമുഖ നിർമാണം ഏൽപ്പിക്കുകയായിരുന്നു. പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാത പഠനവും നടത്തിയത് യുഡിഎഫ് സർക്കാരും അംഗീകാരം നൽകിയത് യുപിഎ സർക്കാരുമായിരുന്നു. ഇതൊക്കെ തൊട്ടുപിന്നാലെ വന്ന എൽഡിഎഫ് സർക്കാരിന്‍റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്‌തു.
ഇപ്പോൾ കോടികൾ ചെലവഴിച്ചു കഴിഞ്ഞ തുറമുഖത്തിന്‍റെ നിർമാണം പാതിവഴിയിൽ നിർത്തണം എന്നുപറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ അടിയന്തര പ്രമേയ ചർച്ചയിൽ പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നതൊഴിച്ച് സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.