തിരുവനന്തപുരം:ഭരണഘടന വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും.
സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍
ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. തുടര്‍ന്ന് ജൂലൈ ആറിന് സജി ചെറിയാൻ രാജിവച്ചു. എങ്കിലും അദ്ദേഹത്തിന് പകരക്കാരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ കോടതി തീരുമാനത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്നായിരുന്നു അന്ന് പാര്‍ട്ടിയെടുത്ത തീരുമാനം.
സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.