തിരുവനന്തപുരം:ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ബുധനാഴ്‌ച (ജനുവരി 4) നടക്കും. ഗവര്‍ണറുടെ സമയം ചോദിച്ച് പൊതുഭരണ വകുപ്പ് ഫയല്‍ രാജ്ഭവന് നല്‍കിയിരുന്നു. ഈ ഫയിലിന് രാജ്ഭവന്‍ അംഗീകാരം നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെയാണ് സത്യപ്രതിജ്ഞയുടെ തീയതിയില്‍ തീരുമാനമായത്.
തിങ്കളാഴ്‌ച ഗവര്‍ണര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തും. അതിനുശേഷമാകും സമയത്തിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാകുക. ജനുവരി 4ന് വൈസ്‌ചാന്‍സലര്‍മാരുടെ ഹിയറിങ് അടക്കമുള്ള നടപടികള്‍ ഗവര്‍ണര്‍ നിശ്ചയിച്ചിട്ടുണ്ട്.
ഇതുകൂടി പരിഗണിച്ചാകും സമയം നിശ്ചയിക്കുക. പ്രസംഗത്തിന്‍റെ പേരില്‍ കഴിഞ്ഞ ജുലൈ മാസത്തിലായിരുന്നു സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കി പൊലീസ് റെഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു.
ഇതുകൂടാതെ, എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് മന്ത്രിസ്ഥാനത്തേക്ക് സജിചെറിയാനെ മടക്കി കൊണ്ടുവരാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നലെയാണ് തീരുമാനമെടുത്തത്.
മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ഏതുസമയം വേണമെങ്കിലും മന്ത്രിസഭയിലേക്ക് സജിചെറിയാന് മടങ്ങിയെത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. പുതിയൊരാളെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാതെ നിലവിലെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ കൈമാറുകയായിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിനേയും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്.