തിരുവനന്തപുരം :കഠിനമായ പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ട മന്ത്രി സജി ചെറിയാന്‍റെ രാജി തൽക്കാലമില്ലെന്ന് ഇന്ന് (06.07.2022) ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നില്ല. വിഷയം കേവലമായ നാവുപിഴയെന്ന് ഒതുക്കി തലയൂരാന്‍ സിപിഎം തുടക്കത്തിലേ ശ്രമിക്കുകയാണെങ്കിലും സജി ചെറിയാന്‍ സൃഷ്‌ടിച്ച പ്രതിസന്ധിയുടെ ആഴം അനുനിമിഷം വര്‍ധിക്കുകയാണ്. പ്രതിസന്ധിക്ക് പരിഹാരം തേടി ഇന്ന് അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ശേഷം, വിവാദ നായകനായ സജി ചെറിയാനൊഴികെ മറ്റാരും ഒരക്ഷരം ഉരിയാടാന്‍ തയ്യാറായില്ല.
ഔദ്യോഗിക വാര്‍ത്താക്കുറിപ്പും പുറത്തുവന്നില്ല. എന്നാല്‍, രാജിയെന്തിനെന്നായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം. എല്ലാ കാര്യങ്ങളും ഇന്നലെ വിശദീകരിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ഞായറാഴ്‌ച(03.07.2022) പത്തനംതിട്ട മല്ലപ്പള്ളിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവന്ന ശേഷമാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ഇത് ഫേസ്‌ബുക്കില്‍ നല്‍കിയതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലും വിവാദം ആരംഭിച്ചുകഴിഞ്ഞു.സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനുള്ള നിയമസഭ സമ്മേളനം നടക്കുന്ന അവസരത്തില്‍ ഉയര്‍ന്ന ഈ വിവാദം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധവുമായി.
ഇന്ന് വെറും 8 മിനിട്ടിനുള്ളില്‍ സഭ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിയുന്ന നിലയിലേക്ക് പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നു. മന്ത്രിയായി തുടരുന്ന സജി ചെറിയാന്‍ നാളെ സഭയിലെത്തിയാലും എത്തിയില്ലെങ്കിലും ഇന്നത്തേതിന്‍റെ തനിയാവര്‍ത്തനം തന്നെയാകും തുടര്‍ന്നുള്ള ദിവസങ്ങളിലും സംഭവിക്കുകയെന്നത് വ്യക്തമാണ്. സഭാസമ്മേളനം ജൂലൈ 23 വരെയുണ്ട്.
തുടര്‍ നടപടികളെക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ അനൗദ്യോഗിക ആശയ വിനിമയം തുടങ്ങിക്കഴിഞ്ഞു. രാജിയില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐ പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിച്ചതായാണ് വിവരം. മറ്റൊരു ഘടക കക്ഷിയായ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ പ്രതിഷേധം പരസ്യമാക്കി.