തിരുവനന്തപുരം: കേരളീയത്തിന്‍റെ പേരിലും സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണെന്ന പ്രതിപക്ഷ വിമർശനത്തിൽ, ഭാവിക്കായി വികസിത കേരളം യാഥാർഥ്യമാക്കുമ്പോൾ ഇങ്ങനെ ചിലതൊക്കെ പറയും അത് കാര്യമാക്കണ്ടെന്ന് മന്ത്രി സജി ചെറിയാൻ (Saji Cherian about Keraleeyam Program). സർക്കാർ പരിപാടികൾക്ക് പണം ചിലവാക്കാറുണ്ട്, സ്പോൺസർഷിപ്പ് ആണ് അതിൽ ഭൂരിഭാഗവും. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ സന്ദർശനം നടത്തി, നിരവധി ജില്ലകളിൽ അദാലത് നടന്നു, ഇതിനെല്ലാം പണം ചെലവാകുന്നുണ്ട് അതെല്ലാം ജനങ്ങൾക്ക് വേണ്ടിയാണ്.
കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനുള്ള സാങ്കേതിക കാര്യങ്ങൾ ഒരുക്കും. നഗരവീഥികളിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് മന്ത്രി കനകക്കുന്ന് പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല. പിന്നീട് പ്രതികരിക്കാം എന്നായിരുന്നു മറുപടി.
അതേസമയം സമാനതകളില്ലാത്ത സാംസ്‌കാരിക മഹോത്സവമായി കേരളീയത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യം. 4 പ്രധാന വേദികൾ, 2 നാടക വേദികൾ, 12 ഉപവേദികൾ, 11 തെരുവ് വേദികൾ, സൽവേഷൻ ആർമി സ്‌കൂൾ മൈതാനം തുടങ്ങി 30 ഇടങ്ങളിലാണ് പരിപാടികൾ നടക്കുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തീയറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ 7 ദിവസവും മറ്റ് വേദികളിൽ നവംബർ 1 മുതൽ 6 വരെയുമാണ് പരിപാടികൾ നടക്കുക.