തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ചത്. ഫൈനല്‍ അത്യന്തം ആവേശകരമായിരുന്നുവെന്നും കുവൈത്തിനെതിരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നേടിയത് അഭിമാനകരമായ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയട്ടേയെന്നും അദ്ദേഹം ആശംസിച്ചു. സാഫ് കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ ചിത്രത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫൈനലില്‍ 5-4 നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. ഷൂട്ടൗട്ടിലെ സഡന്‍ഡെത്തില്‍ കുവൈത്ത് താരം ഖാലിദ് ഇബ്രാഹിമിന്‍റെ ഷോട്ട് തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യന്‍ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
ഷബീബ് അല്‍ ഖല്‍ദിയിലൂടെ 14-ാം മിനിട്ടില്‍ കുവൈത്താണ് ആദ്യ ലീഡെടുത്തത്. പിന്നാലെ 38-ാം മിനിട്ടില്‍ ലാലിയന്‍സുവാല ചാങ്തെയിലൂടെ ഇന്ത്യ മടക്ക ഗോള്‍ നല്‍കി. തുടര്‍ന്ന് രണ്ടാം പകുതിയിലും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഇന്ത്യക്കായി സുനില്‍ ഛേത്രി, സുഭാശിഷ് ബോസ്, മഹേഷ് സിങ്, സന്ദേശ് ജിംഗാന്‍, ലാലിയന്‍സുവാല ചാംഗ്‌തേ എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിങ് കിക്ക് പാഴാക്കി.
കുവൈത്ത് നിരയില്‍ ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്ത് പോയി. സഡന്‍ ഡെത്തില്‍ കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്‍റെ ഷോട്ട് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. ഫവാസ് അല്‍ ഒട്ടയ്ബി, അഹമ്മദ് അല്‍ ദെഫിറി, അബ്ദുല്‍ അസീസ് നാജി, ഷബീബ് അല്‍ ഖാല്‍ദി എന്നിവര്‍ ലക്ഷ്യം കണ്ടു. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീട നേട്ടമാണിത്. മുന്‍പ് 1993, 1997, 1999, 2005, 2009, 2011, 2015, 2021 വര്‍ഷങ്ങളിലാണ് ഇന്ത്യ സാഫ് കപ്പ് ജേതാക്കളായത്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവച്ചത്. പന്തടക്കത്തില്‍ മുന്നില്‍ ഇന്ത്യയായിരുന്നുവെങ്കിലും 14-ാം മിനിട്ടില്‍ തന്നെ ഇന്ത്യന്‍ കോട്ട പൊളിക്കാന്‍ കുവൈത്തിനായി. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ ഷബീബ് അല്‍ ഖാല്‍ദിയാണ് കുവൈത്തിനായി ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വീണതോടെ ഇന്ത്യ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. 28-ാം മിനിട്ടില്‍ കുവൈത്ത് താരം ഹമദ് അല്‍ഹര്‍ബിയെ ഫൗള്‍ ചെയ്‌തതിന് സന്ദേശ് ജിംഗാന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.34-ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധ താരം അന്‍വര്‍ അലി പരിക്കേറ്റ് പുറത്ത് പോയി. മെഹ്താബ് സിങാണ് താരത്തിന് പകരം കളത്തിലിറങ്ങിയത്.
ഇതിനിടെ ആരാധകരെ ആവേശത്തിലാക്കി 38-ാം മിനിട്ടില്‍ ഇന്ത്യ സമനില ഗോള്‍ നേടി. മികച്ച ടീം വര്‍ക്കിന്‍റെ ഫലമായിരുന്നു ഇന്ത്യയുടെ ഗോള്‍. മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിന്‍റെ പാസ് ചാങ്തെ അനായാസം വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1 എന്ന സ്‌കോറിന് പിരിഞ്ഞു. രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ഇതോടെ ഇന്ത്യ പകരക്കാരെ ഇറക്കി. ആഷിഖ് കുരുണിയന് തിരിച്ചുവിളിച്ച് മഹേഷ് സിങിനെയും, അനിരുദ്ധ് ഥാപ്പയ്ക്ക് പകരം രോഹിത് കുമാറിനെയും മൈതാനത്ത് ഇറക്കി. അവസാന മിനിട്ടുകളില്‍ സഹലിന് പകരം ഉദാന്ത സിങിനെയും കളത്തിലിറക്കി. എന്നാല്‍ കുവൈത്ത് പ്രതിരോധത്തെ മറികടന്ന് ഗോള്‍ നേടാന്‍ മാത്രം ഇന്ത്യക്കായില്ല. ഇതോടെ മത്സരം എക്‌സ്‌ട്ര ടൈമിലേക്കും, അവിടെയും ഗോള്‍ പിറക്കാതായതോടെ ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു.