തിരുവനന്തപുരം : വേനൽ അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ തുറക്കുന്നതോടെ റോഡുകളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സന്ദർഭത്തിൽ അപകടം ഒഴിവാക്കുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ വാഹനങ്ങൾക്ക് സുരക്ഷ നിർദേശങ്ങൾ നൽകിയത്. സുരക്ഷ നിർദേശങ്ങൾ കർശനമായും പാലിക്കാത്ത സ്‌കൂളുകൾക്കും വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ വിജേഷ് പറഞ്ഞു.
വാഹന വകുപ്പിന്‍റെ സുരക്ഷ നിർദേശങ്ങൾ:
- സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർക്ക് അതാത് വാഹനത്തിന്‍റെ വിഭാഗത്തിൽ പത്ത് വർഷത്തെ ഡ്രൈവിംഗ് പരിചയമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം.
- വർഷത്തിൽ രണ്ട് തവണയിൽ കൂടുതൽ റെഡ് ലൈറ്റ് ജമ്പിങ്, ലൈൻ ഡിസിപ്ലിൻ ലംഘനം, യോഗ്യതയില്ലാത്തവരെ കൊണ്ട് വാഹനം ഓടിക്കുക മുതലായവയിൽ ശിക്ഷിച്ചവരെ വാഹനങ്ങളിൽ ഡ്രൈവറായി നിയമിക്കാൻ പാടില്ല.
- അമിത വേഗത, മദ്യപിച്ചോ അപകടകരമായ രീതിയിലോ വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് വർഷത്തിൽ ഒരു തവണയെങ്കിലും ശിക്ഷിച്ചവരെയും ഡ്രൈവറായി നിയമിക്കാൻ പാടില്ല.
- കുട്ടികളെ ശ്രദ്ധിക്കാൻ വാഹനത്തിൽ യോഗ്യതയുള്ള അറ്റൻഡർ ഉണ്ടായിരിക്കണം. അറ്റൻഡർമാർ കുട്ടികളെ വാഹനത്തിൽ കയറാനും ഇറങ്ങുവാനും റോഡ് മുറിച്ച് കടക്കുവാനും സഹായിക്കണം.
- സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി രക്ഷിതാക്കളോ അധ്യാപകരോ വാഹനത്തിൽ യാത്ര ചെയ്യണം.
- സീറ്റിനടിയിൽ കുട്ടികളുടെ സ്‌കൂൾ ബാഗ് സൂക്ഷിക്കാൻ സൗകര്യമൊരുക്കണം.
- വാഹനത്തിൽ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉണ്ടായിരിക്കണം, ഫസ്റ്റ് എയ്‌ഡ് ബോക്‌സ് ഉണ്ടായിരിക്കണം.
- ജനാലകൾക്ക് സമാന്തരമായി കമ്പികൾ ഉണ്ടായിരിക്കണം.
- സ്‌കൂൾ കുട്ടികളെ വാടകയ്ക്ക് കൊണ്ടുപോകുന്ന മറ്റു വാഹനങ്ങൾ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ 'ഓൺ സ്‌കൂൾ ഡ്യൂട്ടി' എന്ന ബോർഡ് മുന്നിലും പിന്നിലും മുകൾ ഭാഗത്തായി പ്രദർശിപ്പിക്കണം.
- സ്‌കൂൾ അല്ലെങ്കിൽ സ്ഥാപനത്തിന്‍റെ പേര്, ഫോൺ നമ്പർ മുതലായവ മുന്നിലും പിന്നിലും പ്രദർശിപ്പിക്കണം.
സ്‌കൂൾ അധികൃതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വിദ്യാർഥികളുടെ യാത്രാരീതിയുടെ വിശദവിവരങ്ങൾ രേഖപ്പെടുത്തുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണം.
- ഓരോ സ്‌കൂളിലും വിദ്യാർഥികളുടെ സുരക്ഷിത യാത്രയ്ക്കായി ഒരു സേഫ്റ്റി ഓഫീസറെ നിയമിക്കണം. അധ്യാപകരെയോ അനധ്യാപകരെയോ ആണ് ഈ തസ്‌തികയിൽ നിയമിക്കേണ്ടത്.
- സ്‌കൂളിൽ വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ഡ്രൈവറുടെ പൂർണമായ വിവരങ്ങൾ എന്നിവ ശേഖരിച്ച് സേഫ്റ്റി ഓഫീസർ സൂക്ഷിക്കണം. ഈ വിവരങ്ങൾ സ്‌കൂൾ മേഖലയിലുള്ള ആർടി ഓഫീസിൽ അറിയിക്കണം.