തിരുവനന്തപുരം : കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ്, ഫയര്‍ ആന്‍റ് റസ്‌ക്യു ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷ ഓഡിറ്റ് നടത്തുക. മാത്രമല്ല ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റും നടത്തും.
കിന്‍ഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കണമെന്നും പരിശോധന നടത്തണമെന്നും കെ.എം.എസ്.സി.എല്‍. നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നുവരുന്നതിനിടയിലായിരുന്നു തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങള്‍ 10 വര്‍ഷത്തിലധികമായി കെ.എം.എസ്.സി.എല്‍ ഗോഡൗണുകളായി പ്രവര്‍ത്തിച്ചുവരുന്നവയാണ്. ഫയര്‍ ആന്‍റ് റസ്‌ക്യൂ വിഭാഗത്തിന്‍റെ അംഗീകാരമില്ലാത്തതടക്കം പരിശോധിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
Also Read: ഒരാഴ്‌ചയ്ക്കിടെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ രണ്ട് ഗോഡൗണുകളില്‍ തീപിടിത്തം; വീഴ്‌ചയോ അട്ടിമറിയോ...
ചൊവ്വാഴ്‌ച പുലര്‍ച്ചെ 1.30നാണ് തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. വലിയ ശബ്‌ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കോടി 23 ലക്ഷം രൂപയുടെ കെമിക്കലുകളാണ് അഗ്നിബാധയേറ്റ് കത്തിനശിച്ചത്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. ഇത് മറ്റ് രാസവസ്‌തുക്കളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.
എന്നാല്‍ മരുന്നുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാല്‍ മരുന്നുകള്‍ സുരക്ഷിതമാണ്. മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. തീയണയ്ക്കുന്നതിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യവും സംഭവിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ രഞ്ജിത്ത് ആണ് മരിച്ചത്.
ഒരാഴ്‌ചയ്ക്കിടെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ രണ്ടാമത്തെ ഗോഡൗണിനാണ് തീപിടിച്ചത്. നേരത്തെ കൊല്ലം ഗോഡൗണില്‍ തീപിടിത്തമുണ്ടായിരുന്നു. ഇവിടേയും ബ്ലീച്ചിങ് പൗഡറില്‍ നിന്നായിരുന്നു തീപിടിത്തമുണ്ടായത്. എട്ട് കോടിയുടെ നഷ്‌ടമാണ് അന്നുണ്ടായത്.
നിരന്തരമുണ്ടാകുന്ന തീപിടിത്തത്തില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണം.
Also Read: തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍മാന് ദാരുണാന്ത്യം
കൊല്ലത്തുണ്ടായത് പോലെ തിരുവനന്തപുരത്തും ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീപടര്‍ന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കേണ്ട ഗോഡൗണുകളില്‍ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാനടപടികളും ഏര്‍പ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കൊവിഡിന്‍റെ മറവില്‍ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്നും തുടര്‍ച്ചയായ തീപിടിത്തത്തിന് പിന്നില്‍ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.