തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്) ക്യാമറകൾ മിഴി തുറന്നു. ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് കർശന പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് പിഴയിൽ ഇളവുണ്ടാകും. എഐ ക്യാമറകളുടെ ഉദ്ഘാടനം മസ്‌കറ്റ് ഹോട്ടലിൽ വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഏഴ് രീതിയിലുള്ള നിയമലംഘനങ്ങളാണ് എഐ ക്യാമറയിലൂടെ പിടികൂടുന്നത്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് - 500 രൂപ, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് - 500, ടു വീലറിൽ രണ്ടിലേറെ പേർ യാത്ര ചെയ്യുന്നത് - 1000, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത്- 2000, അനധികൃത പാർക്കിങ് - 250, അമിതവേഗം - 1500 എന്നിങ്ങനെയാണ് പിഴ. ചുവപ്പ് സിഗ്നൽ ലംഘിക്കുന്ന കേസുകൾ കോടതിക്ക് കൈമാറും.
നിലവിലെ തീരുമാനമനുസരിച്ച് ദൃശ്യങ്ങളിൽ കാണുന്ന നിയമലംഘനങ്ങൾക്ക് മാത്രമാണ് പിഴ ഈടാക്കുന്നത്. വാഹന രേഖകൾ കൃത്യമാണോ എന്ന പരിശോധനകൾ തത്കാലം കൺട്രോൾ റൂം വഴി ഉണ്ടാകില്ല. കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത് എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴ നൽകേണ്ടി വരും. കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.