തിരുവനന്തപുരം :സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് റോഡുകളിൽ സ്ഥാപിച്ച എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ക്യാമറകളുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനത്ത് ആകെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എഐ ക്യാമറകളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും.
എഐ ക്യാമറയിൽ പതിയുന്ന ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് മാത്രമാണ് പിഴയിൽ നിന്ന് ഇളവ് നൽകുന്നത്. ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിനും 500 രൂപയും പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപയും രണ്ടിലധികം പേർ ബൈക്കിൽ യാത്ര ചെയ്യുന്നതിന് 1000 രൂപയുമാണ് പിഴ ഈടാക്കുക. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് 2000 രൂപയും നാലുചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപയുമാണ് പിഴ. അമിതവേഗത്തിന് 1500 രൂപയും അനധികൃത പാർക്കിങ്ങിന് 250 രൂപയും പിഴയായി നൽകേണ്ടി വരും.
കെൽട്രോണിനാണ് ക്യാമറയുടെ മെയിന്‍റനൻസിന്‍റെയും സർവീസിന്‍റെയും ചുമതല. 232.25 കോടി രൂപ ചെലവിലാണ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കണക്‌ടിവിറ്റി, ഡാറ്റ വിശകലനം, ജീവനക്കാർ, സൗരോർജ സംവിധാനം എന്നിവയ്‌ക്കായി മൂന്ന് മാസത്തിലൊരിക്കൽ മൂന്നരക്കോടി രൂപ കെൽട്രോണിന് നൽകും.
എഐ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്‍റെ ഡാറ്റ സെന്‍റർ ബാങ്കിലാണ് ശേഖരിക്കുന്നത്. ഇവ ലിസ്റ്റ് ചെയ്‌ത് ജില്ല കൺട്രോൾ റൂമുകൾക്ക് കൈമാറും. ഇവിടെ നിന്നും നാഷണൽ ഡാറ്റ ബേസിന് കൈമാറി ഇ ചെലാൻ സൃഷ്‌ടിക്കുകയും തുടർന്ന് വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴ സന്ദേശം നൽകുകയും ചെയ്യും.
അഞ്ചുവർഷത്തേക്കാണ് കെൽട്രോണിന് എഐ ക്യാമറയുടെ മെയിൻ്റനൻസ് ചുമതലയുള്ളത്. കാറുകളിൽ യാത്ര ചെയ്യുന്നവർ കൈക്കുഞ്ഞുങ്ങളെ പിൻ സീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ആണ് ഇരുത്തേണ്ടത്. മാത്രമല്ല ഒരു തവണ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും അടുത്ത് കാണുന്ന ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും പിഴ നൽകേണ്ടി വരും.
എഐ ക്യാമറകളിൽ വാഹനം ഓടിക്കുന്നവരെ കാണാനും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റുകൾ വ്യക്തമായി കാണാനും രണ്ട് ഫ്ലാഷ് ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 25 ക്യാമറകൾ അനധികൃത പാർക്കിങ്ങുകൾ കണ്ടെത്താനും നാല് ക്യാമറകൾ അമിത വേഗം തിരിച്ചറിയുന്നതിനും 18 ക്യാമറകൾ ലൈൻ തെറ്റിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ എന്നിവ കണ്ടെത്താനുമാണ് ഉപയോഗിക്കുന്നത്.
ഏഴ് സുരക്ഷ സംവിധാനങ്ങളുമായി ഡ്രൈവിങ് ലൈസൻസ് ഇനി പിവിസി പെറ്റ് ജി കാര്‍ഡിൽ: അതേസമയം ഏഴ് സുരക്ഷ സവിശേഷതകൾ ഉള്‍പ്പടെയുള്ള പിവിസി പെറ്റ് ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസുകളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്‌സിന്‍റെ മാനദണ്ഡപ്രകാരം രൂപകൽപ്പന ചെയ്‌ത പുതിയ ഡ്രൈവിങ് ലൈസൻസുകളാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്. ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്‌സ്‌റ്റ്, ഹോട്ട് സ്‌റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആര്‍ കോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട ഏഴ് സുരക്ഷ സവിശേഷതകളടങ്ങിയതാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസുകൾ.