ശബരിമല വിധി: നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് - sabarimala verdict police
സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും ഇപ്പോൾത്തന്നെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം : ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അക്രമത്തിനും നിയമം കയ്യിലെടുക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. മതസ്‌പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവരെയും അവ ഫോർവേഡ് ചെയ്യുന്നവരെയും ഉടനടി അറസ്റ്റ് ചെയ്‌ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും ഇപ്പോൾത്തന്നെ പോലീസിന്‍റെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലാണെന്ന് പൊലീസ് ആസ്ഥാനത്തു നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.