കേരളം

kerala

ETV Bharat / state

Sabarimala: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി വീണ ജോര്‍ജ്

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിപുലമായ ആംബുലന്‍സ് നെറ്റ്‌വര്‍ക്ക്, മൊബൈല്‍ മെഡിക്കല്‍ എന്നീ ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയതായി മന്ത്രി വീണ ജോര്‍ജ്.

Sabarimala temple pathanamthitta  veena george Sabarimala  veena george kerala health  health safety mesures Sabarimala temple  Sabarimala temple in the Pathanamthitta  Mandala-Makaravilakku festival Sabarimala  ശബരിമല വീണ ജോര്‍ജ്  ആരോഗ്യ സേവനങ്ങള്‍ ശബരിമല  ശബരിമല തീര്‍ഥാടനം  പത്തനംതിട്ട ശബരിമല  മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ശബരിമല
Sabarimala: ജില്ലകളില്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി വീണ ജോര്‍ജ്

By

Published : Nov 15, 2021, 9:10 PM IST

തിരുവനന്തപുരം:ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ തീര്‍ഥാടകരെത്തുന്ന കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും സേവനങ്ങള്‍ ഉറപ്പ് വരുത്തി. വിപുലമായ ആംബുലന്‍സ് നെറ്റ്‌വര്‍ക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

15 ബി.എല്‍.എസ് ആംബുലന്‍സ്, എ.എല്‍.എസ് ആംബുലന്‍സ്, രണ്ട് മിനി ബസ് എന്നിവ അടിയന്തര ആവശ്യങ്ങള്‍ക്കായി സജ്ജമാക്കി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എരുമേലി, കോഴഞ്ചേരി ജില്ല ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം ഇടത്താവളം, അടൂര്‍ ജില്ല ആശുപത്രി, താലൂക്ക് ആശുപത്രി മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുമളി പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ചികിത്സ സൗകര്യം ഒരുക്കി.

'ആരോഗ്യ ജീവനക്കാരെ അധികമായി നിയമിച്ചു'

ഇതിന് പുറമേ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ എയ്‌ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ചരല്‍മേട് ഡിസ്പെന്‍സറി, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അധികമായി നിയമിച്ചു. രണ്ട് കാര്‍ഡിയോളജിസ്റ്റ്, രണ്ട് പള്‍മണോളജിസ്റ്റ്, അഞ്ച് ഫിസിഷ്യന്‍, അഞ്ച് ഓര്‍ത്തോപീഡിഷ്യന്‍, നാല് സര്‍ജന്‍, മൂന്ന് അനസ്‌തറ്റിസ്റ്റ്, എട്ട് അസിസ്റ്റന്‍റ് സര്‍ജന്‍മാര്‍ എന്നിവരെ ഏഴ് ദിവസത്തെ ഡ്യൂട്ടി കാലയളവ് കണക്കാക്കി നിയമിച്ചു.

ആറ് ലാബ് ടെക്നീഷ്യന്‍, 13 ഫാര്‍മസിസ്റ്റ്, 19 സ്റ്റാഫ് നഴ്‌സ്, 11 നഴ്‌സിങ് അസിസ്റ്റന്‍റ്, 17 ആശുപത്രി അറ്റന്‍റന്‍റ്, നാല് റേഡിയോഗ്രാഫര്‍ എന്നിവരും ഒരു ബാച്ചിലുണ്ടാകും. ഇതുകൂടാതെ എല്ലാ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളിലും നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള നടപടികളും ശക്തമാക്കി. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി.വി.സി യൂണിറ്റുകളെ ചുമതലപ്പെടുത്തി. സന്നിധാനത്തേയും സമീപ പ്രദേശത്തേയും വെള്ളം ക്ലോറിനേറ്റ് ചെയ്തെന്ന് ഉറപ്പ് വരുത്തും. എലിപ്പനി പ്രതിരോധ ഗുളികകളായ ഡോക്‌സിസൈക്ലിന്‍, പാമ്പുകടിയ്ക്കുള്ള ആന്‍റി സ്നേക്ക് വെനം എന്നിവയും ഉറപ്പ് വരുത്തി.

'ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാരെ നിയമിച്ചു'

തീര്‍ഥാടകര്‍ക്ക് യാത്രാവേളയില്‍ ആരോഗ്യ സേവനത്തിനായുള്ള സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളിലെ കുടിവെള്ളം, ഭക്ഷണ വസ്‌തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കായി മതിയായ ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാരെ നിയമിച്ചു.

ALSO READ:സ്‌കൂള്‍ മുറ്റത്ത് അരി കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് കാര്‍ മണ്ണില്‍ താഴ്ന്നപ്പോള്‍

എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറികള്‍ സജ്ജീകരിച്ചു. കുടിവെള്ളം പരിശോധിക്കുന്നതിനും ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുമുള്ള ദ്രുതപരിശോധനയും നടത്തുന്നതാണ്. ഇതുകൂടാതെ പമ്പയിലും സന്നിധാനത്തുമുള്ള ദേവസ്വം ബോര്‍ഡിന്‍റെ ലബോറട്ടറികളിലൂടെ അപ്പം, അരവണ, എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. 18004251125, 8592999666 എന്ന നമ്പരുകളില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ നല്‍കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details