തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും - sabarimala news
നാളെ തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാകില്ല. ശനിയാഴ്‌ച മുതലാകും ഭക്തർക്ക് പ്രവേശനം.

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. ക്ഷേത്ര തന്ത്രിയുടെ കാർമ്മികത്വത്തിൽ വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുമെങ്കിലും നാളെ തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാകില്ല. ശനിയാഴ്‌ച മുതലാകും ഭക്തർക്ക് പ്രവേശനം. പൊലീസിൻ്റെ വെർച്വൽ ക്യൂ വഴിയാണ് പ്രവേശം. 48 മണിക്കൂർ മുൻപ് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലയ്ക്കലിൽ കൊവിഡ് പരിശോധനയും നടത്തണം. ഒരു ദിവസം 250 പേർക്കാണ് പ്രവേശനം. മണിക്കുറിൽ 30 പേരെന്ന കണക്കിലാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. പമ്പ നദിയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. നെയ്യഭിഷേകത്തിന് പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർ അഭിഷേകത്തിന് കൊണ്ടുവരുന്ന നെയ് കൗണ്ടറുകളിൽ ഏൽപ്പിച്ച് പകരം അഭിഷേകം കഴിഞ്ഞ് നെയ് വാങ്ങാം. സന്നിധാനത്ത് തങ്ങാൻ ഭക്തരെ അനുവദിക്കില്ല.