കേരളം

kerala

ETV Bharat / state

ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍, പമ്പ സ്‌നാനത്തിനും അനുമതി ; ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍

പമ്പ സ്‌നാനത്തിന് അനുമതി ; തീര്‍ഥാടനത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പ്രവേശനം നിലയ്ക്കല്‍ വരെ

Sabarimala  Sabarimala pilgrimage  Sabarimala Ayyappa Temple  covid-19  ശബരിമല  ശബരിമല തീര്‍ത്ഥാടനം  കൊവിഡ് -19  പമ്പ
ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍

By

Published : Oct 7, 2021, 3:11 PM IST

Updated : Oct 7, 2021, 8:07 PM IST

തിരുവനന്തപുരം :വരുന്ന മണ്ഡല മകര വിളക്ക് കാലത്ത് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25000 തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. തീര്‍ഥാടകരുടെ എണ്ണത്തില്‍ ആവശ്യമായ മാറ്റം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും പ്രവേശനം.

10 നും 65 വയസിനും മധ്യേ പ്രായമുളളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തീര്‍ഥാടകര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉള്ളവരോ ആയിരിക്കണം. അഭിഷേകം ചെയ്ത നെയ്യ് എല്ലാവര്‍ക്കും കൊടുക്കുന്നതിന് സംവിധാനമൊരുക്കും.

ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ സീസണിലെ നില തുടരും. എരുമേലി വഴിയുള്ള കാനന പാത, പുല്ലുമേട് എന്നീ പരമ്പരാഗത കാനന പാതകളിലൂടെ സന്നിധാനത്തേക്ക് ഭക്തരെ കടന്നുപോകാന്‍ അനുവദിക്കില്ല.

Also Read: റോഡില്‍ കുഴിയാണോ? കരാറുകാരനെ നേരിട്ട് വിളിച്ച് പരാതി പറയാം! സര്‍ക്കാരിന്‍റെ പുതിയ സംവിധാനം വരുന്നു

പമ്പാ സ്‌നാനം അനുവദിക്കും. തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. നിലയ്ക്കലില്‍ നിന്ന് പമ്പവരെ കെ.എസ്. ആര്‍.ടി.സി സര്‍വീസ് ഉപയോഗിക്കണം. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കും. അഗ്നി സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കൊവിഡ് മുക്തരായവരും അനുബന്ധ രോഗങ്ങളുള്ളവരും ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം മാത്രമേ ദര്‍ശനത്തിനെത്താന്‍ പാടുള്ളൂവെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വീണജോര്‍ജ്, എ.കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ചീഫ് സെക്രട്ടറി വി.പി ജോയി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു, പന്തളം രാജകൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Last Updated : Oct 7, 2021, 8:07 PM IST

ABOUT THE AUTHOR

...view details