തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തില്‍ ഈ മാസം 14 മുതല്‍ 28വരെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു അറിയിച്ചു. മാസ പൂജകള്‍ക്കായി ജൂൺ 14ന് ക്ഷേത്ര നട തുറക്കും. പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ സമ്പ്രദായം വഴി മാത്രമേ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഐസിഎംആര്‍ അംഗീകൃത ലാബില്‍ നിന്ന് കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് വേണം വെര്‍ച്വല്‍ ക്യൂവില്‍ അപേക്ഷിക്കാൻ. ഒരു സമയം 200 പേര്‍ക്കായിരിക്കും പ്രവേശനം. ശബരിമല പ്രസാദം ഓണ്‍ലാനില്‍ ബുക്ക് ചെയ്യാമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
ശബരിമല നട ജൂൺ 14ന് തുറക്കും - sabarimala news updates
പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ സമ്പ്രദായം വഴി മാത്രമേ ഭക്തരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂവെന്ന് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു പറഞ്ഞു.

തീർഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് പുലര്‍ച്ചെ നാല് മുതല്‍ ദര്‍ശനം അനുവദിക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടച്ച ശേഷം വൈകിട്ട് നാലിന് നട തുറന്ന് രാത്രി പതിനൊന്നിന് വീണ്ടും അടയ്ക്കും. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ ഭക്തരെ തിരച്ചയ്ക്കും. സന്നിധാനത്തും പമ്പയിലും ഭക്തര്‍ക്ക് താമസൗകര്യം അനുവദിക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. ഈ മാസം 14 മുതല്‍ 18 വരെ മാസ പൂജ നടക്കും. 19ന് ശബരിമല ഉത്സവത്തിന് കൊടിയേറും. 28ന് ആറാട്ടോടെ നട അടയ്ക്കും.