തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി സ്‌പെഷ്യല്‍ സര്‍വീസിന് സജ്ജമായി കെഎസ്‌ആര്‍ടിസിയുടെ 340 ബസുകള്‍. സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സ്‌പെഷ്യല്‍ സര്‍വീസിനായി ക്രമീകരിച്ചിരിക്കുന്നത്.
നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെയുള്ള ചെയിന്‍ സര്‍വീസിനായി 100 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ 20 എസി ലോഫ്ലോര്‍ ബസുകളും 80 നോണ്‍ എസി ബസുകളുമാണ്. സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും പ്രധാന ഡിപ്പോകളില്‍ നിന്നും കെഎസ്‌ആര്‍ടിസി സര്‍വീസുകളുണ്ടാകും. 40 പേരില്‍ കൂടുതല്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേക ബോണ്ട് സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.
കൂടാതെ തീര്‍ഥാടകരുടെ എണ്ണത്തിനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ പമ്പ സര്‍വീസ് നവംബര്‍ 12 ന് ആരംഭിക്കും. 36 മെക്കാനിക്കല്‍ ജീവനക്കാരുള്‍പ്പെടെ 90 ജീവനക്കാരെയാണ് പമ്പ ഡിപ്പോയിലേക്ക് നിയമിച്ചിട്ടുള്ളത്.