ശബരിമല കർമ്മസമിതിയുടെ നാമജപപ്രതിഷേധം ഇന്ന്
മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്ന മുദ്രാവാക്യം ഉന്നയിച്ച് സംസ്ഥാനത്തൊട്ടാകെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുമാണ് കർമ്മസമിതി പ്രചാരണം നടത്തുന്നത്.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം സജീവമാക്കാനൊരുങ്ങി ശബരിമല കർമ്മസമിതി. സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കള്ളക്കേസുകൾ എടുക്കുന്നുവെന്നാരോപിച്ച് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപ പ്രതിഷേധം നടത്തും. അതേസമയം ഇടത് മുന്നണി ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്ന മുദ്രാവാക്യം ഉന്നയിച്ച് സംസ്ഥാനത്തൊട്ടാകെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുമാണ് കർമ്മസമിതി പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാർത്ഥികളേക്കുറിച്ചോ പരാമർശമില്ല. ഇത് തന്ത്രമാണന്നും ദൈവത്തിന്‍റെ പേരിൽ വോട്ടർമാരെ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദേശമെന്നുമാണ് ഇടത് മുന്നണിയുടെ പരാതി.എന്നാൽ പോസ്റ്ററുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്നും അതിനാൽ നടപടി എടുക്കാനാവില്ലെന്നുമാണ് കർമ്മസമിതിയുടെ വിശദീകരണം.