തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി ശബരിമലയിലെ വരുമാനം കുത്തനെ കുറഞ്ഞു. മകരവിളക്കിന് തലേ ദിവസം വരെയുള്ള കണക്കനുസരിച്ച് 16,00,32,673 രൂപയാണ് ശബരിമലയിലെ ആകെ വരുമാനം. കാണിക്ക, ആരവണ അപ്പം വില്‍പ്പന, മറ്റ് പൂജാ വഴിപാട് എന്നിവയില്‍ നിന്നുള്ള വരുമാനമാണിത്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ഡിസംബര്‍ 31 മുതല്‍ ജനുവരി 12 വരെ 6,33,93,510 രൂപ വരുമാനം ലഭിച്ചു.
1,32,673 പേരാണ് 54 ദിവസത്തെ തീര്‍ഥാടന കാലത്ത് ശബരമലയില്‍ ദര്‍ശനത്തിനെത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമായിരുന്നു ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നത്. മണ്ഡല പൂജ ദിവസവും മകരവിളക്ക് ദിവസവും 5000 പേര്‍ക്കും അനുമതി നല്‍കി. ഇതാണ് വരുമാനം കുറയാനുള്ള പ്രധാന കാരണം.
കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്തെ ക്ഷേത്ര വരുമാനം 60.26 കോടി രൂപയായിരുന്നു. അതാണ് ഇപ്പോള്‍ കേവലം 10 ശതമാനമായി ചുരുങ്ങിയത്. അതിനു മുമ്പത്തെ മണ്ഡലകാലത്ത് 166 കോടി രൂപയാണ് ബോര്‍ഡിന് ശബരിമലയില്‍ നിന്നും ലഭിച്ച വരുമാനം. ശബരിമലയിലെ കരാറുകളിലും ഇക്കുറി ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാളികേരം, കടകള്‍, ശൗചാലയം എന്നിവയുടെ ലേലത്തിലൂടെ ഒരു കോടി രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഇത് ആറേകാല്‍ കോടിയായിരുന്നു. ഇത്തവണ ശബരിമലയിലേയും പമ്പയിലേയും കടകള്‍ ലേലത്തില്‍ പിടിക്കാന്‍ പോലും ആളില്ലായിരുന്നു.
ശബരിമലയിലെ വരുമാന നഷ്ടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്. ഇതില്‍ 50 ക്ഷേത്രങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളത്. ശബരമലയിലെ വരുമാനമുപയോഗിച്ചാണ് മറ്റ് ഇടങ്ങളിലെ ചിലവുകള്‍ക്ക് പണം കണ്ടെത്തിയിരുന്നത്. വരുമാന നഷ്ടമുണ്ടായതോടെ പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.