കേരളം

kerala

ETV Bharat / state

ശബരി റെയിൽ പദ്ധതി; പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

കിഫ്ബിയിൽ നിന്നും പണം അനുവദിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. 2815 കോടി രൂപയാണ് അങ്കമാലി- ശബരി റെയിൽപാതയുടെ പ്രതീക്ഷിക്കുന്ന മൊത്തം ചിലവ്. ഇതിന്‍റെ 50 ശതമാനമാണ് സംസ്ഥാനം വഹിക്കുക.

ശബരി റെയിൽ പദ്ധതി  പകുതി ചെലവ് സംസ്ഥാന സർക്കാർ  Half of the cost by the state government  കിഫ്ബി  അങ്കമാലി- ശബരി റെയിൽപാത
ശബരി റെയിൽ പദ്ധതി; പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.

By

Published : Jan 6, 2021, 5:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്ക് മന്ത്രിസഭ തീരുമാനം. പദ്ധതി ചെലവിന് പകുതി സംസ്ഥാനം വഹിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി കിഫ്ബിയിൽ നിന്നും പണം അനുവദിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

2815 കോടി രൂപയാണ് അങ്കമാലി- ശബരി റെയിൽപാതയുടെ പ്രതീക്ഷിക്കുന്ന മൊത്തം ചിലവ്. ഇതിന്‍റെ 50 ശതമാനമാണ് സംസ്ഥാനം വഹിക്കുക. 1997- 98 റെയിൽവേ ബജറ്റിലാണ് അങ്കമാലിയിൽ നിന്ന് എരുമേലി വഴി ശബരി റെയിൽ പാത പ്രഖ്യാപിച്ചത്. ശബരിമല ദർശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തെ തെക്ക് കിഴക്ക് ഭാഗങ്ങളിലെ വികസനവും മുന്നിൽ കണ്ടാണ് പദ്ധതി വിഭാവനം ചെയ്‌തത്. 517 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം അല്ലാതെ പദ്ധതിയുമായള്ള നടപടികൾ മുന്നോട്ടു പോയില്ല. ഇതോടെ പദ്ധതി ചെലവ് 2815 കോടി രൂപയായി ഉയർന്നു. ഇതോടെയാണ് നിർമാണച്ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണം എന്ന നിലപാട് റെയിൽവേ എടുത്തത്. സംസ്ഥാന സർക്കാർ ഇതിൽ ബുദ്ധിമുട്ട് അറിയിച്ചു.

പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചെങ്കിലും റെയിൽവേയുടെ നിലപാടിൽ മാറ്റം ഉണ്ടായില്ല. ഇതോടെയാണ് പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിർദിഷ്‌ട റെയിൽപാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേ മന്ത്രാലയം തന്നെ നിർവഹിക്കണം. പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിൻ്റെ ചിലവ് കഴിച്ചുള്ള തുകയുടെ 50 ശതമാനം സംസ്ഥാനത്തിന് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പദ്ധതിയുടെ പകുതി ചിലവ് സംസ്ഥാനം ഏറ്റെടുക്കുന്നത്. ശബരി പാത കൊല്ലം ജില്ലയിലെ പുനലൂർ വരെ ദീർഘിപ്പിക്കുകയാണെങ്കില്‍ ഭാവിയിൽ തമിഴ്‌നാട്ടിലേക്ക് ഇത് നീട്ടാൻ കഴിയുമെന്ന സാധ്യതയും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ തീരുമാനം.

പാലക്കാട് ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ പുതിയ തസ്‌തികകൾ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ ലൈസൻസികൾക്ക് വാടക ഇളവ്, കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന ഡോ. വിപി ജോയ് ഐ.എ.എസിനെ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിക്കും തുടങ്ങിയവ ആണ് മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ.

ABOUT THE AUTHOR

...view details